| Wednesday, 4th November 2026, 7:30 am

സര്‍ക്കാര്‍ ഭൂമിയില്‍ പള്ളി പാടില്ല; മതേതരത്വത്തിന് നിരക്കാത്തത്: നൂറ് വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ച് നീക്കുമെന്ന് കേന്ദ്രം

നിഷാന. വി.വി

ന്യൂദല്‍ഹി: സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരത്ത് സ്ഥിരമായ മതപരമായ നിര്‍മിതികള്‍ നിലനിര്‍ത്തുന്നത് ഗവണ്‍മെന്റ് വസ്തുക്കളുടെ മതേതര സ്വഭാവത്തിന് വിരുദ്ധവും അനുവദനീയമല്ലാത്തതുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് കേന്ദ്രം നിലപാടറയിച്ചത്.

ന്യൂദല്‍ഹിയിലെ കൃഷി ഭവന്‍ കോംപ്ലക്‌സിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നൂറ് വര്‍ഷം പഴക്കമുള്ള ഖ്വാദീമി മസ്ജിദ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ് കോടതിയില്‍ ഈ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്തിന്റെ വികസനത്തിന് അത്യന്തം അനിവാര്യമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി കൃഷി ഭവനും ശാസ്ത്രി ഭവനും പൊളിച്ചുമാറ്റി പകരം ‘കോമണ്‍ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്’ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നും പള്ളി പൊളിച്ച് നീക്കുമെന്നും കേന്ദ്രം പറയുന്നു.

ഈ ഭൂമി പൂര്‍ണമായും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും, 1940-ലെ ഒരു കരാര്‍ പ്രകാരം പള്ളി കമ്മിറ്റിക്ക് അവിടെ താത്ക്കാലികമായി ആരാധന നടത്താനുള്ള അനുമതി മാത്രമാണ് നല്‍കിയിരുന്നതെന്നും ഇതിന്മേല്‍ അവര്‍ക്ക് നിയമപരമായ മറ്റ് അവകാശങ്ങളില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

പള്ളി പൊളിച്ച് മാറ്റുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. പൊതു ഭരണനിര്‍വഹണത്തിനായി നീക്കിവെച്ചിരിക്കുന്ന ഒരു സ്ഥലം മതപരമായ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി മാറ്റിവെക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്.

കൃഷി ഭവനിലെ പള്ളിക്ക് രണ്ട് കിലോമീറ്റര്‍ മാത്രം അകലെ ‘ഷാഹി മസ്ജിദ് സാബ്ത ഗഞ്ച്’ നിലവിലുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാല്‍, 1970-ല്‍ ഈ പള്ളി വഖഫ് സ്വത്തായി വിജ്ഞാപനം ചെയ്തതാണെന്നും ജീവനക്കാര്‍ക്ക് ദീര്‍ഘകാലമായി ഇവിടെ ആരാധനാ സൗകര്യമുണ്ടെന്നുമാണ് പള്ളി കമ്മിറ്റി പറയുന്നത്. ഈ കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ദല്‍ഹി ഹൈക്കോടതി 2026 നവംബര്‍ 23-ലേക്ക് മാറ്റി.

Content Highlight: No mosque on government land; it is incompatible with secularism: Centre to demolish a century-old mosque.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more