| Monday, 17th February 2025, 12:31 pm

കുംഭമേളയില്‍ പങ്കെടുക്കാന്‍ പണമില്ല; വീട്ടില്‍ കിണറുകുഴിച്ച് 'ഗംഗ'യെ എത്തിച്ച് 57കാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ് രാജിലേക്ക് പോവാന്‍ പണമില്ലാത്തതിനാല്‍ കിണറുകുഴിച്ച് ‘ഗംഗ’യെ വീട്ടുമുറ്റത്ത് കൊണ്ടുവന്ന് യുവതി. കര്‍ണാടകയിലാണ് വിചിത്രമായ സംഭവം.

മഹാകുഭമേളയില്‍ പങ്കെടുക്കാന്‍ കൈയില്‍ പണമില്ലാത്തതിനാല്‍ 57 കാരിയായ കര്‍ണാടക സ്വദേശിനി ഗൗരിയാണ് കിണറുകുഴിച്ച് തന്റെ വീട്ടുമുറ്റത്ത് ‘ഗംഗ’ എത്തിച്ചത്.

40 അടി ആഴമുള്ള കിണറാണ് ഗൗരി തന്റെ വീട്ടുമുറ്റത്ത് കുഴിച്ചത്. മഹാകുംഭ മേളയെ കുറിച്ച് കേട്ട ഗൗരി അവിടെ എത്താനുള്ള പണം തന്റെ കൈയിലില്ലെന്ന് മനസിലാക്കിയാണ് കിണര്‍ കുഴിക്കാന്‍ തീരുമാനിച്ചത്.

മഹാകുംഭമേളയില്‍ പോകാന്‍ ഭാഗ്യവും പണവും വേണമെന്നും എന്നാല്‍ അത് തനിക്ക് താങ്ങാന്‍ കഴിയില്ലെന്നും അതുകൊണ്ട് സ്വന്തം ഭൂമിയില്‍ കിണര്‍ കുഴിച്ച് ഗംഗയെ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഗൗരി പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

40 അടി ആഴത്തില്‍ കുഴിച്ച കുഴിയില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നതില്‍ സന്തോഷിക്കുന്നുവെന്നും ഈ മാസം അവസാനം വരുന്ന ശിവരാത്രി ദിനത്തില്‍ താന്‍ മുങ്ങി കുളിക്കാന്‍ പോവുകയാണെന്നും ഗൗരി പറഞ്ഞു.

ഡിസംബര്‍ 15നാണ് കിണര്‍ കുഴിക്കാന്‍ ആരംഭിച്ചത്. ഒരു ദിവസം ആറ് മുതല്‍ എട്ട് മണിക്കൂര്‍ സമയം വരെ കുഴിക്കുമായിരുന്നുവെന്നും രണ്ട് മാസം സമയമെടുത്ത് ഫെബ്രുവരി 15ന് പണി പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഗൗരി ഒറ്റയ്ക്ക് കിണര്‍ കുഴിക്കുന്നത് ഇതാദ്യമായല്ല. അവസാനമായി 2024ലും ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പ് മറികടന്ന് അംഗനവാടി കുട്ടികളുടെയും ജീവനക്കാരുടെയും ദാഹം ശമിപ്പിക്കാനായി ഒരു കിണറും യുവതി  കുഴിച്ചിരുന്നു. ഇതിനെതിരെ ഭരണകൂടം രംഗത്തെത്തുകയും ചെയ്തിരുന്നു.

Content Highlight: No money to attend the Kumbh Mela; A young woman digs a well at home and brings ‘Ganga’ to her

We use cookies to give you the best possible experience. Learn more