| Monday, 7th July 2025, 6:45 pm

പണമില്ല; എസ്.സി- എസ്.ടി സ്‌കോളര്‍ഷിപ്പുകള്‍ വെട്ടിക്കുറച്ച് മോദി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ ദല്‍ഹി: 2025 – 26 വര്‍ഷത്തെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് (NOC) അര്‍ഹരായ 108 പേരില്‍ കേന്ദ്ര സാമൂഹിക നീതി വകുപ്പ് തെരഞ്ഞെടുത്തത് ആകെ 40 പേരെ മാത്രം. പകുതി പേര്‍ക്ക് പോലും സ്‌കോളര്‍ഷിപ് തുക ലഭിച്ചിട്ടില്ല. പണം ലഭിച്ചാല്‍ പരിഗണിച്ചേക്കാമെന്നാണ് ബാക്കി 66 പേര്‍ക്കും ലഭിച്ചിരിക്കുന്ന മറുപടിയെന്ന് ദി ഹിന്ദുസ്ഥാന്‍ ടൈംസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തിക കാര്യ കാമ്പിനറ്റ് കമ്മിറ്റിയുടെ അനുമതി ലഭിക്കാത്തതാണ് കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. അര്‍ഹതപ്പെട്ട ശേഷിക്കുന്നവര്‍ക്ക് (41 മുതല്‍ 106 വരെ) പണത്തിൻ്റെ ലഭ്യതക്കനുസരിച്ച് കത്തുകള്‍ അയക്കുമെന്ന് ജൂലൈ ഒന്നിന് മോദി സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനത്തെ ദി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

1954- 55 സാമ്പത്തിക വര്‍ഷമാണ് നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് പ്രോഗാം ആരംഭിക്കുന്നത്. പട്ടികജാതി (എസ്.സി) വിഭാഗങ്ങള്‍, നാടോടി ഗോത്രങ്ങള്‍, അര്‍ധ നാടോടി ഗോത്രങ്ങള്‍, ഭൂരഹിത കര്‍ഷക തൊഴിലാളികള്‍, പരമ്പരാഗത കരകൗശല വിഭാഗങ്ങള്‍ എന്നിവയില്‍ നിന്നുള്ള പ്രതിവര്‍ഷം എട്ട് ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവര്‍ക്കാണ് ഈ സഹായം ലഭിക്കുക.

സാധാരണയായി, തെരഞ്ഞെടുക്കപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും താത്കാലിക സ്‌കോളര്‍ഷിപ്പ് കത്തുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം കത്തുകള്‍ അയച്ചിരിക്കുന്നത് ഫണ്ടുകളുടെ ലഭ്യതയെ ആശ്രയിച്ച് ഘട്ടം ഘട്ടമായിട്ടാണെന്നും ഇത് വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കായി അനുവദിച്ച പണം സാമ്പത്തിക കാര്യ കാമ്പിനറ്റ് കമ്മിറ്റി അംഗീകരിക്കാത്തത് പ്രശ്‌നമാണ്, സ്‌കോളര്‍ഷിപ്പിന് കൊടുക്കാന്‍ പണമുണ്ട്. എന്നാല്‍ അതുനല്‍കാന്‍ മുകളില്‍ നിന്നുള്ള അനുമതി ആവശ്യമാണ്’ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ദി ഹിന്ദുസ്ഥാന്‍ ടൈംസിനെ ഉദ്ധരിച്ച് പത്രം പറയുന്നു.

മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പിലും ഇതേ പ്രശ്‌നം നേരിട്ടിരുന്നു. 1400ലധികം പി. എച്ച്.ഡിക്കാര്‍ക്ക് സ്റ്റൈപ്പന്‍ഡ് പെയ്‌മെന്റുകള്‍ മുടങ്ങിയിരുന്നു. 2024 ഡിസംബര്‍ മുതല്‍ 2025 മെയ് വരെ ഗവേഷക വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും സ്റ്റൈപ്പന്‍ഡ് ലഭിച്ചിട്ടില്ലെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2024 ജൂണില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കായുള്ള നാഷണല്‍ ഫെല്ലോഷിപ്പ് നല്‍കുന്നതിലും താളപ്പിഴയുണ്ടായിരുന്നു.

സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ താളപ്പിഴകള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ 10ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്തി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ ഇത് ബാധിച്ചെന്നും മൂന്ന് വര്‍ഷമായി സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാറിലെ കേസ് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.

Content Highlight: No money; Modi government cuts SC-ST scholarships

We use cookies to give you the best possible experience. Learn more