| Saturday, 25th April 2026, 11:13 am

ഏത് സിംഹം അലറിയാലും കഷ്ടപ്പെട്ടവനൊപ്പം; നേതാക്കളെ അധിക്ഷേപിച്ച ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ക്കെതിരെ നടപടിക്കൊരുങ്ങി കെ.പി.സി.സി

നിഷാന. വി.വി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാരാകുമെന്ന ചര്‍ച്ചകള്‍ സൈബര്‍ ഇടത്ത് കടുക്കുമ്പോള്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ പരിശോധിക്കാനൊരുങ്ങി കെ.പി.സി.സി.

കോണ്‍ഗ്രസ് നേതാവ് റെജി. എം. ജോണിനെ അധിക്ഷേപിക്കാന്‍ ആഹ്വാനം വന്ന ‘ഇലക്ഷന്‍ 2026 വി.ഡി.എസ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനെതിരെ നടപടിയെടുത്തേക്കുമെന്നാണ് വിവരം.
കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററായ വിമല ബിനുവാണ് ഗ്രൂപ്പിന്റെ അഡ്മിന്‍.

റോജി.എം.ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അധിക്ഷേപം നടത്താനും ഈ ഗ്രൂപ്പില്‍ ആഹ്വാനം ചെയ്തിരുന്നു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അധിക്ഷേപിച്ച് കൊണ്ടുള്ള വിമല ബിനുവിന്റെ സന്ദേശവും പുറത്ത് വന്നിരുന്നു.

‘കണ്ണൂര്‍ സിംഹം എന്നല്ല ഏത് കോണോത്തിലെ സിംഹം അലറിയാലും രാവും പകലും കഷ്ടപ്പെട്ടവന്റെയൊപ്പം’ എന്ന അടിക്കുറിപ്പോടെ വി.ഡി. സതീശന്റെ പടവും വിമല ബിനു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ച വളരെ സജീവാണ്. എന്നാല്‍ അതില്‍ ചര്‍ച്ച വേണ്ടെന്നും ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്.

അതേസമയം മുസ്‌ലിം ലീഗ് ഉള്‍പ്പടെയുള്ള ഘടകക്ഷികളുടെ പിന്തുണ ഉറപ്പാക്കാന്‍ നേതാക്കള്‍ അണിയറയില്‍ നീക്കം സജീവമാക്കിയിട്ടുണ്ട്. നേതാക്കളെ പ്രകീര്‍ത്തിക്കുന്ന വീഡിയോകളും ഡോക്യൂമെന്ററികളും വൈകാതെ പുറത്ത് വരും.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.

ആദ്യഘട്ടത്തില്‍ ആരോഗ്യപരമായ ചര്‍ച്ചകളായിരുന്നു എങ്കില്‍ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറി. നേതാക്കളെ അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് കെ.പി.സി.സി തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു.

തങ്ങളുടെ നേതാക്കളെ വ്യാജ അക്കൗണ്ടുകളിലൂടെ അപമാനിക്കുന്നു എന്നായിരുന്നു കെ.പി.സി.സി നല്‍കിയ പരാതി. ഇതില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ചു എന്ന് സൂചിപ്പിക്കുന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എതിരാളികള്‍ക്കെതിരെ അധിക്ഷേപത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

കെ.സി വേണുഗോപാലിനെതിരെ പ്രചാരണം നടത്തണമെന്നുള്ള നിര്‍ദേശമാണ് പ്രധാനമായും ഈ ഗ്രൂപ്പില്‍ നല്‍കിയിരിക്കുന്നത്.

Content Highlight: No matter what lion roars, we stand with the one who has suffered; KPCC prepares to take action against Digital Media Coordinator for his remarks insulting leaders

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more