| Saturday, 24th January 2026, 3:10 pm

കൈരളി എന്ത് വൃത്തികേടും പറയും, കടകംപള്ളി വിഷയത്തില്‍ മലക്കംമറിഞ്ഞുവെന്നത് പച്ചക്കള്ളം: വി.ഡി സതീശന്‍

നിഷാന. വി.വി

തിരുവനന്തപുരം: മുന്‍ ദേവസ്വം മന്ത്രിയും സി.പി.ഐ.എം നേതാവുമായ കടകം പള്ളി സുരേന്ദ്രനുമായി ബന്ധപ്പെട്ട കേസില്‍ നിലപാട് മാറ്റിയെന്ന മാധ്യമ വാര്‍ത്തയില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

തനിക്കെതിരായി നല്‍കിയ മാന നഷ്ടക്കേസില്‍ നിലപാട് മാറ്റിയെന്നത് തെറ്റായ വാര്‍ത്തയാണെന്നും ഞാന്‍ മലക്കം മറിഞ്ഞുവെന്ന് കൈരളിയാണ് എഴുതിയത് അത് പച്ച കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി എന്ത് വൃത്തികേടും പറയുമെന്നും താന്‍ അടുത്ത ഹിയറിങില്‍ ഈ വാര്‍ത്തയ്‌ക്കെതിരെ കേസ് കൊടുക്കാനിരിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ദ്വാരപാലക ശില്പം ഏത് കോടിശ്വരനാണ് വിറ്റത് എന്ന് കടകംപള്ളി മറുപടി പറയണം. അദ്ദേഹം അന്ന് ദേവസ്വം മന്ത്രിയായിരുന്നല്ലോ അറിയാവുന്നവരോട് ചോദിച്ചാലല്ലേ മറുപടി പറയാന്‍ പറ്റുകയുള്ളു, ഇതാണ് ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞത് അതിനാണ് എനിക്കെതിരെ കേസ് കൊടുത്തത്,’ അദ്ദേഹം പറഞ്ഞു.

ആരോപണത്തില്‍ ഇപ്പോഴും താന്‍ ഉറച്ച് നില്‍ക്കുന്നു. തനിക്കയച്ച നോട്ടീസിനും അത് തന്നെയാണ് മറുപടിയയച്ചതെന്നും ഇപ്പോഴും അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടകംപളളി സുരേന്ദ്രന്‍ വി.ഡി സതീശനെതിരായി നല്‍കിയ മാനനഷ്ടക്കേസില്‍ വി.ഡി.സതീശന്‍ കോടതിയില്‍ നിലപാട് മാറ്റിയെന്നും മലക്കം മറിഞ്ഞുമെന്നുമൊക്ക വാര്‍ത്താ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാാവിന്റെ വിശദീകരണം.

ശബരി മല സ്വര്‍ണക്കൊള്ള കേസില്‍ ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിക്കാതെ കുറ്റവാളികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കിയെന്നും, കുറ്റവാളികള്‍ പുറത്തിറങ്ങി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയും സുപ്രിംകോടതിയു ശക്തമായ നിലപാടാണെടുത്തതെന്നും ഇതില്‍ എസ്.ഐ.ടിക്ക് വീഴ്ച്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സോണിയാ ഗാന്ധിയുടെ പേര് വലിച്ചിഴച്ചതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി അതൃപ്തി അറിയിച്ചുവെന്ന് പറയുന്ന വാര്‍ത്തയും പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നൊരുക്കം ചര്‍ച്ച ചെയ്യാനുള്ള യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തരൂര്‍ മുന്‍കൂട്ടിയറീയിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സോണിയാ ഗാന്ധിയുമായുളള പോറ്റിയുടെ ചിത്രം പുറത്ത് വന്നതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ അന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ഷേഡി ക്യാരക്ടര്‍ ആണെന്ന് ആര്‍ക്കും അറിയില്ലായിരുന്നല്ലോയെന്ന് ചോദിച്ച അദ്ദേഹം അറിയുമായിരുന്നെങ്കില്‍ ഇന്റലിജന്‍സ് സംവിധാനവുമുളള മുഖ്യമന്ത്രി ഫോട്ടോയെടുക്കുമായിരുന്നോയെന്നും അറിയുമായിരുന്നെങ്കില്‍ ഫോട്ടോയെടുക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇത്രയും വലിയ ഇന്റലിജന്‍സ് സംവിധാനമുള്ള മുഖ്യമന്ത്രി അറിയാത്തത് സോണിയാഗാന്ധി എങ്ങനെ അറിയുമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി പിന്തുണ നല്‍കാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മതരാഷ്ട്രവാദം ജമാഅത്തെ ഇസ്‌ലാമി ഉപേക്ഷിച്ചുവെന്നാണ് തങ്ങളോട് പറഞ്ഞതെന്നും അത് തന്നെയാണ് അമീര്‍ മുജീബ് റഹ്‌മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: No matter what dirty words Kairali says, it’s a blatant lie that she was involved in the Kadakampally issue: V.D. Satheesan

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more