| Wednesday, 19th August 2026, 5:36 pm

എത്ര വലിയ പ്രൊജക്ട് ആണെങ്കിലും ആ കാര്യത്തില്‍ കോംപ്രമൈസ് ഇല്ല : മമിത ബൈജു

ആര്യ.പി

മലയാളത്തിലും തമിഴിലുമായി ഹിറ്റുകളിലൂടെ സഞ്ചരിക്കുകയാണ് നടി മമിത ബൈജു. തമിഴില്‍ വിജയ്‌ക്കൊപ്പം ജനനായകനില്‍ മികച്ച കഥാപാത്രത്തില്‍ എത്തിയതിന് പിന്നാലെ സൂര്യ നായകനായ വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തിലും ഗംഭീര വേഷത്തിലെത്തിയിരിക്കുകയാണ് താരം.

ചിത്രത്തിലെ മമിതയുടെ പ്രകടനത്തിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്. മലയാളത്തില്‍ നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന ബത്‌ലഹേം കുടുംബയൂണിറ്റിലും നായികാ വേഷത്തില്‍ മമിതയെത്തുന്നുണ്ട്.

കരിയറില്‍ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുന്ന താരത്തിന്റെ ഓരോ സിനിമകളിലും പെര്‍ഫോമന്‍സുകളും ഒന്നിനൊന്ന് വ്യത്യസ്തമാണെന്നത് എടുത്തുപറയേണ്ടതാണ്.

എത്ര വലിയ പ്രൊജക്റ്റ് ആണെങ്കിലും അതില്‍ കോംപ്രമൈസ് ഇല്ല എന്ന് പറയുന്ന ഒരു കാര്യം എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് രേഖാമേനോന് നല്‍കിയ അഭിമുഖത്തില്‍ മമിത.

ക്യാരക്ടര്‍ തന്നെയാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്നും എത്ര വലിയ സിനിമയാണെങ്കിലും ആ കാര്യത്തില്‍ കോംപ്രമൈസ് ഇല്ലെന്നും മമിത പറയുന്നു.

‘കഥാപാത്രം എന്ന് പറയുന്നത് ഏറ്റവും പ്രധാനമാണ്. ഈ അടുത്ത് ഞാന്‍ മനസിലാക്കിയ ഒരു കാര്യമുണ്ട്. എനിക്ക് സ്‌ക്രിപ്റ്റ് കിട്ടുകയാണെന്നുണ്ടെങ്കില്‍ നമ്മള്‍ ഓക്കെ പറയുന്ന സ്‌ക്രിപ്റ്റ് ഉണ്ടല്ലോ, അതിന് എന്തെങ്കിലും ചേഞ്ചസ് ഉണ്ടെങ്കില്‍ ഷുഡ് ബി ഇന്‍ഫോംഡ് ഏര്‍ളിയര്‍.

മറ്റൊന്നുമല്ല. എന്നെ അത് അറിയിച്ചില്ലെങ്കില്‍ എന്താ സംഭവിക്കുന്നത് എന്ന് വെച്ചാല്‍, നമ്മള്‍ ആ കഥാപാത്രത്തിനനുസരിച്ച് പ്രിപ്പയേര്‍ഡ് ആയിട്ടായിരിക്കും പോകുന്നത്. അല്ലെങ്കില്‍ ഓക്കെ പറയുന്നത്. അത് മാറിക്കഴിഞ്ഞാല്‍ ബുദ്ധിമുട്ടാണ്.

ഞാന്‍ ഒരു പുതിയ സിനിമയെ അപ്രോച്ച് ചെയ്യുകയാണെങ്കില്‍ എനിക്ക് തന്ന സ്‌ക്രിപ്റ്റിലെ എന്റെ ക്യാരക്ടര്‍ എങ്ങനെയാണോ അതുപോലെ തന്നെ ആ കഥാപാത്രം സിനിമയിലും വരണം. അതല്ല, സ്‌ക്രിപ്റ്റില്‍ മാറ്റമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നമ്മളെ അറിയിക്കണം,’ താരം പറഞ്ഞു.

ഏറ്റവും സുരക്ഷിതമായ കൂട്ടം ആരാണെന്ന ചോദ്യത്തിന് തന്റെ നിശബ്ദത പോലും മനസ്സിലാക്കാന്‍ കഴിയുന്ന ആളുകളാണെന്നായിരുന്നു താരത്തിന്റെ മറുപടി. അങ്ങനെയുള്ളവരുടെ കൂടെയിരിക്കുമ്പോള്‍ തനിക്ക് ഒട്ടും അഭിനയിക്കേണ്ടതില്ലെന്നും മമിത പറയുന്നു.

ചിലപ്പോള്‍ വളരെ സങ്കടപ്പെട്ടിരിക്കുകയോ അല്ലെങ്കില്‍ മൂഡ് ഓഫ് ആയിരിക്കുകയോ ചെയ്യുമ്പോള്‍ പോലും, യാതൊരു അഭിനയവുമില്ലാതെ വെറുതെ ഒന്നിച്ച് നിശബ്ദമായി ഇരിക്കാന്‍ കഴിയുന്നവരാണ് തന്റെ ‘സേഫസ്റ്റ് സോണ്‍’, താരം പറഞ്ഞു.

Content Highlight: No matter how big the project is, there is no compromise on that matter: Mamitha Baiju

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more