എല്ലാം കൊണ്ടും മികച്ച വര്‍ഷമായിരുന്നു മലയാള സിനിമയ്ക്ക് 2026. തിയേറ്ററുകളില്‍ ആളെ കയറ്റിയ ചിത്രങ്ങളും നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും മോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നു. ചരിത്ര വിജയം നേടിയ ബെത്‌ലഹേം കുടുംബ യൂണിറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ തിയേറ്ററുകളിലേക്ക് ഏറ്റവും കൂടുതല്‍ ആളുകളെ എത്തിച്ച മലയാള ചിത്രം, ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രം, കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രം തുടങ്ങി ഒട്ടനവധി നേട്ടങ്ങളായിരുന്നു ബെത്‌ലഹേം സ്വന്തമാക്കിയത്.
ബെത്‌ലഹേം. Photo: X.com
ഇതിനൊപ്പം വമ്പന്‍ കളക്ഷന്‍ നേടിയ ദൃശ്യം 3, വാഴ 2, ആട് 3, ഭരതനാട്യം 2 മോഹിനിയാട്ടം, അതിരടി തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ മലയാള സിനിമയിലെ ബിസിനസ് 1000 കോടിയ്ക്ക് മുകളില്‍ എത്തിച്ചിരുന്നു. ഇതിനൊപ്പം തന്നെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളും മലയാളത്തില്‍ നിന്നും പുറത്തിറങ്ങിയിരുന്നു. ജിത്തു മാധവന്‍ തിരക്കഥയെഴുതി ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ്ക്ക് രാജ്യാന്തര തലത്തില്‍ വലിയ നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്. ഇതിനൊപ്പം തന്നെ പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍, മോളിവുഡ് ടൈംസ്, പേട്രിയറ്റ്, പ്രകമ്പനം തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയിരുന്നു.
ഓരോ മാസവും പ്രേക്ഷകരെ തിയേറ്ററുകളിലേക്കെത്തിച്ച ഒന്നോ രണ്ടോ ചിത്രമെങ്കിലും ഈ വര്‍ഷത്തിലുടനീളം ഉണ്ടായിരുന്നുവെന്ന് കാണാം. എന്നാല്‍ ഒക്ടോബര്‍ മാസത്തില്‍ കാര്യപ്പെട്ട മലയാള സിനിമകളുടെ റിലീസുകളൊന്നും ഇല്ലെന്നതാണ് ഇപ്പോള്‍ മോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. വന്‍ ഹൈപ്പിലോ പ്രതീക്ഷയിലോ ഒരുക്കിയ ചിത്രങ്ങളൊന്നും തന്നെ മലയാളത്തില്‍ നിന്നും ഈ മാസം പുറത്തിറങ്ങാനില്ലാത്ത് സിനിമാ പ്രേമികളെ നിരാശരാക്കുന്നുണ്ട്.
അതേസമയം എല്ലാവരും കാത്തിരിക്കുന്നത് നെല്‍സണ്‍ സംവിധാനം ചെയ്ത് ഒക്ടോബര്‍ 15ന് പുറത്തിറങ്ങാനിരിക്കുന്ന ജയിലര്‍ 2നായാണ്. മോഹന്‍ലാലിന്റെ സൂപ്പര്‍ കാമിയോ മാത്യുവിന് വേണ്ടിയാണ് ഭൂരിഭാഗം വരുന്ന മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലറില്‍ നിമിഷനേരത്തേക്കാണ് താരം പ്രത്യക്ഷപ്പെടുന്നതെങ്കിലും വലിയ ഓളമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. മോഹന്‍ലാലിന് പുറമെ സുരാജ് വെഞ്ഞാറമൂട്, ഹക്കീം ഷാ, കോട്ടയം നസീര്‍, അന്ന രാജന്‍, ഷംന കാസിം, രാജേഷ് മാധവന്‍ തുടങ്ങി വമ്പന്‍ മലയാള താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ജയിലര്‍ 2. Photo: X.com
കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനില്‍ റിലീസ് ചെയ്യുന്ന തമിഴ് ചിത്രമായും ജയിലര്‍ 2 ഇതിനോടകം മാറിയിട്ടുണ്ട്. ആറ് മണി മുതല്‍ തന്നെ ചിത്രത്തിന്റെ ഫാന്‍സ് ഷോ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ഞായറാഴ്ചയാണ് ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുന്നത്.
Content Highlight: No Major Malayalam releases in the month of October 2026