| Wednesday, 29th July 2026, 9:44 am

ഉച്ചത്തില്‍ പാട്ടുകള്‍ വേണ്ട; ഹെഡ്‌ഫോണുകള്‍ നിര്‍ബന്ധം: പൊതുഗതാഗത സംവിധാനങ്ങളില്‍ പുതിയ പെരുമാറ്റചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍

നിഷാന. വി.വി

ചെന്നൈ: പൊതുഗതാഗത സംവിധനങ്ങളില്‍ യാത്രക്കാര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സര്‍ക്കാര്‍. പൊതുഗതാഗത യാത്രക്കിടെ ഉച്ചത്തില്‍ പാട്ടുവെക്കുകയും റീല്‍ കാണുകയും ചെയ്ത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാക്കുന്നത് തടയുന്നതിനാണ് പുതിയ നീക്കം.

സ്പീക്കര്‍ ഓഫാക്കി ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ച് മാത്രമേ ഫോണ്‍ ഉപയോഗിക്കാവൂ എന്ന് പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു. നിയമലംഘകരില്‍ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുമെന്നും ഗതാഗത വകുപ്പ് സെക്ട്രറിയുടെ ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ 20000ത്തോളം വരുന്ന സര്‍ക്കാര്‍ ബസുകളില്‍ പെരുമാറ്റ ചട്ടം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ ബസുകളില്‍ സ്ഥാപിക്കുമെന്നും എങ്ങനെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കണമെന്നും സഹയാത്രക്കാരെ ബഹുമാനിക്കാനും യാത്രക്കാരോട് ആവശ്യപ്പെടുന്ന സന്ദേശങ്ങളും ഇതില്‍ ഉണ്ടായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ബസില്‍ ഉറക്കെ പാട്ടുവെക്കുന്നതിനും വിലക്കുണ്ട്. ബസ് ജീവനക്കാര്‍ ഡ്യൂട്ടി സമയത്ത് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ യാത്രക്കാര്‍ക്ക് വിശദീകരിച്ചു നല്‍കണമെന്നും, മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളില്‍ ഉടനടി ഇടപെടണമെന്നും ഗതാഗത സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. നിരവധി യാത്രക്കാര്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു.

‘യാത്രയ്ക്കിടെ ആളുകള്‍ മൊബൈല്‍ ഫോണില്‍ ദീര്‍ഘനേരം ഉച്ചത്തില്‍ സംസാരിക്കുന്നതും പാട്ടുകള്‍ ഉറക്കെ വെക്കുമ്പോഴും കേട്ടിരിക്കുകയല്ലാതെ മറ്റ് വഴിയില്ലാതാകുന്നു. തിരക്കുള്ള യാത്രകളില്‍ ഇത് വലിയ ബുദ്ധിമുട്ടാണ്. സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണ്,’ സ്ഥിരം യാത്രക്കാരന്‍ പ്രതികരിച്ചു.

Content Highlight: No loud music; headphones mandatory: Tamil Nadu government introduces new code of conduct for public transport.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more