തിരുവനന്തപുരം: തദ്ദേശ തെഞ്ഞെടുപ്പില്‍ ഹിറ്റായ പാരഡി ഗാനം ‘പോറ്റിയേ കേറ്റിയേ’ ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍.
വിവാദ ഗാനത്തില്‍ കേസെടുക്കേണ്ടെന്ന് പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി.
പാരഡി ഗാനം നീക്കുന്നതിനായി മെറ്റയ്ക്കും യൂട്യൂബിനും കത്തയക്കേണ്ടെന്നും നിര്‍ദേശിച്ചെന്നാണ് വിവരം.
കഴിഞ്ഞദിവസം, അയ്യപ്പ ഭക്തിഗാനത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി നല്‍കിയ പരാതിയിലാണ് സൈബര്‍ പൊലീസ് നടപടിയെടുത്തത്.
മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കുമെന്ന് പറഞ്ഞാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.
ജി.പി. കുഞ്ഞബ്ദുള്ള, ഡാനിഷ്, സി.എം.എസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.
അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡി ഗാനമായ പോറ്റിയേ കേറ്റിയേ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹിറ്റായിരുന്നു.
ഈ ഗാനം ഉപയോഗിച്ച് പ്രചാരണം നടത്തിയത് ചട്ടലംഘനമാണെന്ന് കാണിച്ച് സി.പി.ഐ.എം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനുമൊരുങ്ങിയിരുന്നു, സര്‍ക്കാര്‍ വിവാദത്തില്‍ നിന്നും പിന്മാറിയതോടെ സി.പി.ഐ.എം നേതൃത്വവും പരാതിക്ക് ഒരുങ്ങില്ലെന്നാണ് സൂചന.
Content Highlight: Government to end Potiye Ketiye controversy