| Saturday, 9th December 2017, 3:44 pm

ജടായു ശില്‍പ്പത്തിന്റെ കണ്ണിലൂടെ കാണാമോ കുണ്ടയത്തെ ഈ കോളനി ; മൃതദേഹം സംസ്‌കരിക്കുന്നത് അടുക്കള പൊളിച്ചും ചവിട്ടുപടിയിലും

അമേഷ് ലാല്‍

കൊല്ലം ജില്ലയിലെ ചടയമംഗലം കുണ്ടയം കോളനിയില്‍ രതീഷ് ഭവനിലെ താമസക്കാര്‍ ഇനി വീട്ടില്‍ നിന്ന് പുറത്തേക്ക് കാലെടുത്ത് വെക്കുക രതീഷിന്റെ ശവമാടത്തിലേക്കാണ്. മൃതദേഹം സംസ്‌കരിക്കാന്‍ ഭൂമിയില്ലാത്തതിനാല്‍ വീടിന്റെ ചവിട്ട് പടിയിലാണ് കഴിഞ്ഞ ദിവസം രോഗബാധിതനായി മരണപ്പെട്ട 23 കാരന്റെ മൃതദേഹം സംസ്‌കരിച്ചത്.

ആകെയുള്ള മുറ്റത്തിന്റെ മറു പകുതിയിലാണ് രതീഷിന്റെ അച്ഛനെയും അടക്കിയിരിക്കുന്നത്. രണ്ടു മൃതദേഹങ്ങള്‍ സംസ്‌കരിക്കപ്പെട്ടതിന്റെ നടുവിലൂടെയുള്ള ചെറിയ വഴി മാത്രമാണ് ആ മുറ്റത്തിനി ബാക്കിയുള്ളത്. ആകെ 30 സെന്റ് സ്ഥലത്ത് വേടര്‍ സമുദായത്തില്‍പെട്ട പത്ത് കുടുംബങ്ങളാണ് തിങ്ങി പാര്‍ക്കുന്നത്. കുട്ടികളുള്‍പ്പെടെ നൂറിലധികം പേര്‍ ഈ ഇത്തിരിവട്ടത്തില്‍ താമസിക്കുന്നു.

വീടിന്റെ ഭിത്തി പൊളിച്ചും അടുക്കള പൊളിച്ചും മൃതദേഹങ്ങള്‍ മറവ് ചെയ്യുന്ന സംഭവങ്ങള്‍ ഈ കോളനിയില്‍ സാധാരണമാണ്. കേരളത്തിലെ ദളിത് കോളനികളിലെ പതിവ് സംഭവം മാത്രമായി പ്രാദേശിക പേജില്‍ ഒതുങ്ങിപ്പോകുന്ന ഈ വാര്‍ത്തകള്‍ വജ്രജൂബിലിയില്‍ എത്തി നില്‍ക്കുന്ന പുരോഗമന കേരളത്തിലെ ഭൂവിതരണത്തെ കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ഈ മാസം മൂന്നിനാണ് അസുഖബാധിതനായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രതീഷ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. അച്ഛനും അമ്മയും നേരത്തെ മരിച്ച രതീഷ് സഹോദരിമാര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ” ഞങ്ങള്‍ക്ക് വേറെ സ്ഥലമില്ല, എങ്ങോട്ടെങ്കിലും കൊണ്ട് പോകണമെങ്കില്‍ അതിനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. പിന്നെ എന്ത് ചെയ്യും മുറ്റത്തല്ലാതെ വേറെ എവിടെ അടക്കാനാണ്? അവന്റെ അച്ഛനെയും ഇവിടെ തന്നെയാണ് അടക്കിയിട്ടുള്ളത്.” രതീഷിന്റെ പിതൃസഹോദരന്‍ രാജന്‍ പറയുന്നു.

ഈ കോളനിയിലെ എല്ലാ വീടുകളിലും ഇതേ അവസ്ഥയാണുള്ളതെന്നും പല വീടുകളിലും അടുക്കളയും വരാന്തയും പൊളിച്ച് മൃതദേഹം അടക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

മൂന്ന് സെന്റില്‍ താമസിക്കുന്ന കുടുംബത്തിലെ കുട്ടികള്‍ മുതിര്‍ന്ന് കഴിയുമ്പോള്‍ അവരും ഇതേ മൂന്ന് സെന്റില്‍ തന്നെയാണ് പുതിയ കുടുംബങ്ങള്‍ ഉണ്ടാക്കേണ്ടി വരുന്നത്. പൊതുശ്മശാനം എന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായെങ്കിലും ഇതുവരെ യാതൊരു അനക്കവും ഉണ്ടായിട്ടില്ലെന്ന് കോളനിയിലെ താമസക്കാര്‍ പറയുന്നു.

” അവര് മുറ്റത്തടക്കിയോ എവിടെ അടക്കിയോ എന്നറിയില്ല, അവര്‍ക്കൊക്കെ ഭൂമിയും വീടും കൊടുത്തിട്ടുണ്ട്, പൊതുശ്മശാനത്തിന് സ്ഥലം കണ്ടെത്തി തരികയാണെങ്കില്‍ ശ്മശാനം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് ഫണ്ട് വെച്ചിട്ടുണ്ട്. അവര് താമസിക്കുന്നതിന്റെ തൊട്ടരികിലെല്ലാം ധാരാളം വീടുകളും കുടുംബങ്ങളും ഒക്കെ ഉള്ളതാ, അവര്‍ക്ക് തീയും പുകയും കാണുന്നത് ബുദ്ധിമുട്ടാണെന്നാണ് അവര്‍ പറയുന്നത്” വീട്ടു മുറ്റത്ത് മൃതദേഹം സംസ്‌കരിച്ച വിഷയം ശ്രദ്ധയില്‍ പെട്ടിരുന്നോ എന്ന് അന്വേഷിച്ചപ്പോള്‍ ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

പൊതുശ്മശാനത്തിന് ഫണ്ട് വെച്ചിട്ടുണ്ടെന്നും, പല സ്ഥലത്തും ഭൂമി നോക്കിയെങ്കിലും അവിടെയെല്ലാം ആളുകള്‍ സമരം ചെയ്യുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. “ചടയമംഗലം അങ്ങനെ പ്രശ്‌നങ്ങളൊന്നുമുള്ള പഞ്ചായത്തല്ല, ടൂറിസമൊക്കെ ആയിട്ട് വികസിച്ച് വരുന്ന ഒരു പഞ്ചായത്താണ്, ഇവിടെ ഭൂമി ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും കൊടുക്കുന്നുണ്ട്, ആദ്യം കിട്ടിയത് വിറ്റിട്ട് നടക്കുന്നവര്‍ക്ക് വരെ കൊടുത്തു കൊണ്ടിരിക്കുകയാണ്.” പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

അടുക്കള പൊളിച്ചും വീട്ടുമുറ്റത്തും ഒക്കെ ശവം മറവ് ചെയ്യുന്ന കോളനിനിവാസികള്‍ സ്ഥലം കണ്ടെത്തി നല്‍കിയാല്‍ പൊതുശ്മശാനത്തിന് ഫണ്ട് നല്‍കാമെന്നാണ് ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റിന്റെ “വാഗ്ദാനം”. ചടയമംഗലം പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡിലാണ് കുണ്ടയം കോളനി.

ഈ കോളനിയുടെ അടുത്ത് തന്നെയുള്ള മറ്റൊരു കോളനിയിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ” ആകെ മൂന്ന് സെന്റാണുള്ളത്, പഴയ വീട്ടിലായിരുന്നപ്പോഴാണ് അടുക്കള പൊളിച്ച് രണ്ടുപേരെ മറവ് ചെയ്യേണ്ടി വന്നത്. ഇവിടുത്തെ അച്ഛന്റെ ആദ്യത്തെ ഭാര്യയെയും രണ്ടാമത്തെ ഭാര്യയെയുമാണ് അന്നങ്ങനെ അടക്കിയത്, വേറെ സ്ഥലമില്ലായിരുന്നു. ഇപ്പൊ അതിന് മുകളില്‍ ആട്ടിന്‍ കൂടാണ്. ഈ വീട് അതിന് ശേഷം പഞ്ചായത്തില്‍ നിന്ന് കിട്ടിയതാണ്. ഇതില്‍ നിന്ന് രണ്ടു സഹോദരിമാര്‍ക്ക് ഇനിയും ഓഹരി നല്‍കാനുണ്ട്. അവരിപ്പോ വാടകവീട്ടിലാണ് താമസിക്കുന്നത്, അതിലൊരാള്‍ ഇവിടെ ഷെഡ് വെക്കണമെന്ന് പറഞ്ഞിട്ടുണ്ട് ” കോളനിയിലെ താമസക്കാരിയായ ശ്രീകല പറയുന്നു.

ഇപ്പോള്‍ ശ്രീകലയും ഭര്‍ത്താവും ഭര്‍ത്താവിന്റെ അച്ഛനും രണ്ടു കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. മുന്‍പ് ചെറ്റക്കുടിലുകള്‍ ആയിരുന്നപ്പോള്‍ അടുക്കള പൊളിച്ച് അടക്കുകയെങ്കിലും ചെയ്യാമായിരുന്നു, ഇപ്പൊ പഞ്ചായത്തില്‍ നിന്ന് കിട്ടിയ വീടുകള്‍ പൊളിക്കാന്‍ പോലും സാധിക്കില്ല എന്ന ആശങ്കയും കോളനിവാസികളിലൊരാള്‍ പങ്കുവെക്കുന്നു.

“ചടയമംഗലം പഞ്ചായത്തില്‍ മാത്രം 300 ഭൂരഹിത കുടുംബങ്ങളാണുള്ളത്. പത്തിലധികം കോളനികള്‍ ഈ പഞ്ചായത്തില്‍ ഉണ്ട്. അവിടെ എവിടെയും പൊതുശ്മശാനമോ മറ്റു സൗകര്യങ്ങളോ ഇല്ല. കുണ്ടയം കോളനി തമ്മില്‍ ഭേദമാണെന്ന് പറയേണ്ടി വരും.” വെല്‍ഫെയര്‍ പാര്‍ട്ടി ഭൂ അവകാശ സമിതി നേതാവ് ഷഫീക് ചോഴിയക്കോട് പറയുന്നു.

ചടയമംഗലത്തെ മുല്ലപ്പന്തല്‍ എസ്റ്റേറ്റ് 8.5 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് 160 ഭൂരഹിത കുടുംബങ്ങള്‍ക്കായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വീതിച്ച് നല്‍കിയതുമാണ്. എന്നാല്‍ ഈ ഭൂമിക്കുമേല്‍ അവകാശമുന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതിനാല്‍ ഇതുവരെയും അവര്‍ക്ക് ആ ഭൂമി കിട്ടിയിട്ടില്ല. ആ കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയാണെന്നും ഷഫീക് ആരോപിക്കുന്നു.

അടുക്കളയില്‍ മൃതദേഹം മറവുചെയ്ത വീട്‌

ഭൂരഹിതരില്ലാത്ത കേരളം, ലൈഫ് മിഷന്‍ തുടങ്ങിയ പദ്ധതികളൊക്കെയും ദളിതനെ വീണ്ടും മൂന്ന് സെന്റ് കോളനികളിലേക്ക് ഒതുക്കാനുള്ള നീക്കങ്ങള്‍ മാത്രമാണെന്ന് ദളിത് ഭൂ അധികാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ നേരത്തേ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

കേരളത്തിലെ ഭൂരഹിതരായ എല്ലാവര്‍ക്കും നല്‍കാനുള്ള കൃഷിഭൂമി കേരളത്തിലുണ്ടെന്നും എന്നാല്‍ വന്‍കിട തോട്ടം ഉടമകള്‍ പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഈ ഭൂമി കൈവശം വെച്ചിരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലെ ഭൂസമരങ്ങളെ അട്ടിമറിക്കാനാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി കൊണ്ട് വന്നതെന്ന് അടുത്തിടെ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലന്‍ അഭിപ്രായപ്പെട്ടിരുന്നു. അടുക്കള പൊളിച്ച് ശവം മറവ് ചെയ്യുന്ന ദുരവസ്ഥ ഒഴിവാക്കാനാണ് താന്‍ സമരത്തിനിറങ്ങിയതെന്നും ളാഹ പറഞ്ഞിരുന്നു.

ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത കേരളം എന്ന ലക്ഷ്യവുമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ലൈഫ് മിഷന്‍. അടുത്ത 5 വര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്‍ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്റെ സാമൂഹിക/പശ്ചാത്തലത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യമെന്ന് മിഷന്റെ വെബ്‌സൈറ്റ് പറയുന്നു.

സ്ഥലമുള്ള എല്ലാവര്‍ക്കും സാമ്പത്തിക സഹായം നല്‍കി ഗുണഭോക്താവ് നേരിട്ടോ, ഏജന്‍സി മുഖേനയോ നിര്‍മ്മാണം നടത്തുകയും ഭൂരഹിതര്‍ക്ക് എല്ലാവിധ സാമൂഹിക പശ്ചാത്തല സൗകര്യത്തോടും ജീവനോപാധിയോടും കൂടിയ ഭവന സമുച്ചയം/ക്ലസ്റ്ററുകള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്യുമെന്നാണ് മിഷന്‍ പ്രഖ്യാപനം.

350279 ഭൂരഹിതരെയാണ് ലൈഫ് പദ്ധതിയില്‍ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 92282 പേര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നാണ്. 400 ചതുരശ്ര അടിയില്‍ കൂടുതല്‍ ഉള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി പ്രകാരം അനുമതിയില്ല.

ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ആര്‍ക്കെങ്കിലും ഭൂമിയോ വാസയോഗ്യമായ വീടോ ഉണ്ടെങ്കില്‍ അവര്‍ക്ക് വീട് നല്‍കാന്‍ പദ്ധതിയില്‍ വ്യവസ്ഥയില്ല. ഇതിന്റെ ഫലമായി അംഗസംഖ്യ കൂടുതലുള്ള ദളിത് കുടുംബങ്ങള്‍ ഇടുങ്ങിയ കോളനികളില്‍ തിങ്ങിപ്പാര്‍ക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

“അടുക്കള പൊളിച്ച് ശവമടക്കുക, വീട്ടുമുറ്റത്ത് അടക്കുക ഇതൊന്നും കേരളത്തിലെ ദളിതരെ സംബന്ധിച്ച് ഒരു വാര്‍ത്തയേ അല്ലാതായി മാറിയിട്ടുണ്ട്. കിലയുടെ പഠനപ്രകാരം കേരളത്തിലെ ദളിതരില്‍ 80 ശതമാനവും താമസിക്കുന്നത് 26193 കോളനികളിലാണ്. ഈ ജനതയ്ക്ക് ഭൂമിയുടെ മേലോ വിഭവങ്ങളുടെ പേരിലോ യാതൊരു അധികാരവുമില്ല ” ദളിത് ഭൂ അധികാര സംരക്ഷണ സമിതിയുടെ കെ.സന്തോഷ്‌കുമാര്‍ പറയുന്നു.

ഈ കോളനികളിലെ ശരാശരി ഭൂലഭ്യത കിലയുടെ കണക്ക് പ്രകാരം 2.3 സെന്റാണ്. ഒരു സെന്റ് എന്നാല്‍ 40 ചതുരശ്ര മീറ്ററാണ്. കോളനികളില്‍ ഇപ്പോഴുള്ള വീടുകള്‍ പോലും 2 സെന്റ് ഉണ്ടാകും. ഈ അവസ്ഥ മാറാന്‍ വേണ്ടിയാണ് ദളിതരും ആദിവാസികളും കേരളത്തില്‍ 1990 കള്‍ മുതല്‍ വിവിധ ഭൂസമരങ്ങള്‍ നടത്തിയത്. ആദിവാസികള്‍ക്ക് ഒന്ന് മുതല്‍ അഞ്ചേക്കര്‍ വരെയും ദളിതര്‍ക്ക് അരയേക്കറും ഭൂമി വേണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. പക്ഷേ ഇപ്പോഴും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത് മൂന്ന് സെന്റാണ്. 2.3 സെന്റും മൂന്ന് സെന്റും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്? ഒരേക്കറില്‍ 33 കുടുംബങ്ങള്‍, ഇത് തന്നെയാണ് നഗരങ്ങളിലെ ചേരികള്‍ എന്ന് പറയുന്നതെന്നും സന്തോഷ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതിനും പുറമെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ ലൈഫ് മിഷന്‍ കൊണ്ട് വന്നിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ആദ്യം ഭൂരഹിതര്‍ക്ക് 327 ചതുരശ്ര അടിയുള്ള ഫ്‌ലാറ്റുകള്‍ നല്‍കുമെന്നായിരുന്നു, പിന്നീടത് 400 ചതുരശ്ര അടിയാക്കി. 400 ചതുരശ്ര അടിയുള്ള ഒരു വീട്ടില്‍ നാല് പേരുള്ള ഒരു കുടുംബം എങ്ങനെ താമസിക്കും. ഭൂമിയില്ലാത്ത രണ്ടര ലക്ഷം പേര്‍ക്കാണ് ആദ്യം ഇങ്ങനെ ഫ്‌ലാറ്റ് കൊടുക്കുന്നത്.

ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് ഫ്‌ലാറ്റ് കിട്ടിയാല്‍ പിന്നെ ആ കുടുംബത്തിലെ ആര്‍ക്കും ഭൂരഹിതരെന്ന അവകാശം ഉന്നയിക്കാനോ വേറെ ഭൂമിക്ക് അവകാശമോ ഇല്ലാതാവും. 400 ചതുരശ്ര അടിയുള്ള ഫ്‌ലാറ്റ് കിട്ടുന്ന കുടുംബത്തിലെ അടുത്ത തലമുറ പിന്നെയും ഭൂമി ഇല്ലാത്തവരായി മാറുകയും, ഈ പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് സമീപം തന്നെ ഷെഡുകള്‍ കെട്ടി താമസിക്കാന്‍ തുടങ്ങുകയും ചെയ്യും. ഫലത്തില്‍ ഈ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പതിയെ ചേരികളായി പരിണമിക്കും. കേരളത്തില്‍ വ്യാജ പ്രമാണങ്ങള്‍ വഴിയും മറ്റും സ്വകാര്യ വ്യക്തികള്‍ കയ്യടക്കി വെച്ചിരിക്കുന്ന 520000 ഹെക്ടര്‍ ഭൂമിയുണ്ടെന്നും അത് തിരിച്ച് പിടിക്കണമെന്നും രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്.

ഈ ഭൂമിക്ക് അവകാശം ഉന്നയിക്കുന്നത് ഇവിടുത്തെ ഭൂരഹിതരാണ്. അവരെ മൂന്ന് സെന്റ് കോളനികളിലേക്കും, ഫ്‌ളാറ്റുകളിലേക്കും ഒതുക്കി ഭൂരഹിതര്‍ ഇല്ലെന്ന് വരുത്തുന്നത് ഈ കുത്തകകളെ സഹായിക്കാനാണ്. ഇന്ത്യന്‍ ജാതിവ്യവസ്ഥ ദളിതനെ അകറ്റി നിര്‍ത്തിയത് പോലെ ഈ ജനാധിപത്യ കാലത്തും അവരെ ഭൂമിയിലും വിഭവങ്ങളിലും ഉള്ള അധികാരത്തില്‍ നിന്നും അതുവഴി സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള ആസൂത്രിത ശ്രമമാണിതെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.

അമേഷ് ലാല്‍

Latest Stories

We use cookies to give you the best possible experience. Learn more