| Monday, 2nd November 2026, 7:22 am

ജീന്‍സും ടീ ഷര്‍ട്ടും വേണ്ട, അധ്യാപകര്‍ മാന്യമായി വസ്ത്രം ധരിക്കണം: അധ്യാപകര്‍ക്ക് ഡ്രസ് കോഡുമായി ബീഹാര്‍ സര്‍ക്കാര്‍

നിഷാന. വി.വി

പാട്‌ന: ബീഹാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ ഡ്രസ് കോഡുമായി സര്‍ക്കാര്‍. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഡ്രസ് കോഡ് സംബന്ധിച്ച പുതിയ ഉത്തരവിറക്കി. ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്നും ജോലി സമയത്ത് തികച്ചും മാന്യവും ഔദ്യോഗികവുമായ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നും വ്യക്തമാക്കി കൊണ്ടാണ് പുതിയ ഡ്രസ് കോഡ് പുറത്തിറക്കിയിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും ഔദ്യോഗിക അന്തരീക്ഷവും നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നടപടി. നേരത്തെ നല്‍കിയിരുന്ന വസ്ത്രധാരണ മാര്‍ഗനിര്‍ദേശങ്ങള്‍ പല സ്ഥാപനങ്ങളിലും പാലിക്കപ്പെടുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 30-ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിജയ് കുമാര്‍ പാണ്ഡെ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

അധ്യാപകരുടെ പെരുമാറ്റവും വസ്ത്രധാരണ രീതിയും വിദ്യാര്‍ഥികളെ സ്വാധീനിക്കുമെന്നും അതിനാല്‍ അവര്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച മാതൃകയാകേണ്ടതുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി വ്യക്തമാക്കി. പുതിയ നിര്‍ദേശങ്ങള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കര്‍ശനമായി പാലിക്കണമെന്നും, ഇത് ഉറപ്പുവരുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

സ്‌കൂള്‍ ക്യാമ്പസിനുള്ളില്‍ ഡി.ജെ പാര്‍ട്ടികള്‍ക്കും വിലക്കുണ്ട്. ഡി.ജെ. പരിപാടികളും ഡിസ്‌ക്കോയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തസിനും പഠനാന്തരീക്ഷത്തിനും ദോഷം വരുത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദം.

Content Highlight: No jeans or T-shirts; teachers must dress appropriately: Bihar government introduces a dress code for teachers.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more