തിരുവനന്തപുരം: കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആശയപരവും പ്രത്യയശാസ്ത്രപരവുമായ ഏറ്റുമുട്ടല്‍ തുടരുമെന്നും സതീശന്‍ പറഞ്ഞു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനോട് താന്‍ മൃദുസമീപനം സ്വീകരിക്കുകയാണെന്ന സി.പി.ഐ.എമ്മിന്റെ വാദം തള്ളിയ മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു.
‘അത് എന്റെ ജോലിയല്ല. എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമ്പോള്‍ ഞങ്ങളത് പരിഹരിക്കാന്‍ ശ്രമിക്കും. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി തുറമുഖ മന്ത്രി എന്നിവരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
കേന്ദ്രവുമായി സൗഹൃദപരമയ ബന്ധമാണ് സംസ്ഥാനം ആഗ്രഹിക്കുന്നതെന്നും വര്‍ഗീയ വിഷം പരത്തുന്ന ആരുമായും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
രാഷ്ട്രീയ വിഷയങ്ങളില്‍ പോരാടുമെന്നും പ്രധാന വിഷയങ്ങളില്‍ എ.ഐ.സി.സി നിലപാടിനൊപ്പമാണെന്നും തങ്ങള്‍ ശക്തമായൊരു മതേതര നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഒരു പോര്‍ട്ട് സിറ്റി ഉണ്ടാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഒരു നോളജ് വാലി സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഭരണ രീതിയാണ് പുതിയ സര്‍ക്കാര്‍ പിന്തുടരുകയെന്നും പഴയ സര്‍ക്കാരിന്റെ രീതി പിന്തുടര്‍ന്നാല്‍ കേരളം ഇല്ലാതായി പോവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: No intention to clash with the Centre; that is not my job; the government seeks a friendly relationship: V.D. Satheesan.