| Wednesday, 29th January 2025, 9:50 pm

നീറ്റ് പി.ജി പ്രവേശനത്തില്‍ തദ്ദേശീയ സംവരണം വേണ്ട: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് പി.ജി പ്രവേശനത്തിലെ താമസസ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞ് സുപ്രീം കോടതി. സംസ്ഥാന ക്വാട്ടയില്‍ തദ്ദേശീയര്‍ക്ക് നല്‍കുന്ന സംവരണമാണ് കോടതി തടഞ്ഞത്.

ഇത്തരം സംവരണങ്ങള്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ചണ്ഡീഗഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പി.ജി കോഴ്സുകളിലെ താമസ സംവരണം റദ്ദാക്കിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ചാണ് കോടതി വിധി.

മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശനം നേടാന്‍ കഴിയണമെന്നും നീറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ അനുവദിച്ച സംവരണങ്ങളെ വിധി ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാന്‍ഷു ധൂലിയ, എസ്.വി.എന്‍. ഭട്ടി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. എല്ലാവരും ഇന്ത്യയിലെ പൗരന്മാരാണെന്നും രാജ്യത്ത് എവിടെയാണെങ്കിലും ജീവിക്കാനുള്ള അവകാശം പൗരനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം 2024 മെയ് അഞ്ചിന് നടന്ന നീറ്റ്-യു.ജി പരീക്ഷ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 4,750 കേന്ദ്രങ്ങളിലായാണ് നീറ്റ് പരീക്ഷ നടന്നത്. ഏകദേശം 24 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.

ജൂണ്‍ നാലിനായിരുന്നു ഫലം പ്രഖ്യാപിച്ചത്. തുടര്‍ന്ന് പരീക്ഷയില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി ആരോപണം ഉയരുകയായിരുന്നു. പിന്നാലെ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു.

ജൂണ്‍ 28 ന്, പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെ ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇതേ കേസില്‍ ബീഹാറിലെ പട്‌നയില്‍ നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് പരീക്ഷാ ഫലം റദ്ദാക്കുന്നത് 24 ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ന്യായമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു.

ഹസാരിബാഗിലെയും പാട്‌നയിലെയും കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ 155 ഓളം വിദ്യാര്‍ത്ഥികള്‍ തട്ടിപ്പിന്റെ ഗുണഭോക്താക്കളാണെന്ന് സി.ബി.ഐ അറിയിച്ചതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: No indigenous reservation in NEET PG admissions: Supreme Court

We use cookies to give you the best possible experience. Learn more