| Sunday, 2nd June 2019, 11:56 am

'തേനീച്ച കൂട്ടിലാണ് നിങ്ങള്‍ കല്ലെറിയുന്നത്'; ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രനീക്കത്തില്‍ ബി.ജെ.പി സ്റ്റാലിന്റെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിലും ഹിന്ദി നിര്‍ബന്ധമാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെതിരെ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ ജനങ്ങളുടെ രക്തത്തില്‍ ഹിന്ദിയില്ലെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.

തമിഴ്‌നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് യാതൊരു സ്ഥാനവുമില്ല. ‘ തമിഴ്‌നാട്ടുകാര്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തേനീച്ചക്കൂട്ടിനുനേരെ കല്ലെറിയുന്നതിനു തുല്യമാണ്’ എന്നും സ്റ്റാലിന്‍ മുന്നറിയിപ്പു നല്‍കി.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പിയ്‌ക്കെതിരെ ഡി.എം.കെ പോരിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രനീക്കത്തെ എതിര്‍ക്കുമെന്ന് ഡി.എം.കെ നേതാവ് കനിമൊഴിയും വ്യക്തമാക്കി. ‘ ഇത്തരം നീക്കം വന്‍ ദുരന്തത്തിന് ഇടയാക്കുമെന്ന് ബി.ജെ.പിക്ക് ഞാന്‍ മുന്നറിയിപ്പു നല്‍കുന്നു.’ സ്റ്റാലിന്‍ പറഞ്ഞു.

ഭാഷാ യുദ്ധത്തിന് തന്നെയായിരിക്കും ഇതിന്റെ ഫലമെന്ന് എം.ഡി.എം.കെ നേതാവ് വൈക്കോയും മുന്നറിയിപ്പു നല്‍കി.

എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ മൂന്നുഭാഷകള്‍ പഠിപ്പിക്കണമെന്നാണ് പുതിയ നയത്തിന്റെ കരടില്‍ പറയുന്നത്. മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം തയ്യാറാക്കിയത്.

സ്‌കൂളുകളില്‍ മൂന്നുഭാഷ പഠിപ്പിക്കണമെന്നും കുട്ടികള്‍ നേരത്തെ തന്നെ മൂന്നുഭാഷകളില്‍ പ്രാവീണ്യം നേടുന്നത് ഗുണകരമാകുമെന്നുമായിരുന്നു പുതിയ വിദ്യാഭ്യാസ നയത്തില്‍ പറഞ്ഞിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more