| Wednesday, 1st October 2025, 9:40 am

അഭിമുഖത്തില്‍ നിന്ന് മോദി ഇറങ്ങിപോയതില്‍ കുറ്റബോധമില്ല; എന്റെ സമീപനത്തില്‍ മാറ്റമുണ്ടാകില്ല: കരണ്‍ ഥാപ്പര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപോകേണ്ടി വന്നതില്‍ കുറ്റബോധമില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍. ഇനിയുമൊരു അവസരം ഉണ്ടായാല്‍ ചോദ്യങ്ങളില്‍ മുന്‍കാലത്തെ അതേ സമീപനം തന്നെയായിരിക്കുമെന്നും ഥാപ്പര്‍ പറഞ്ഞു.

കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ ടാഗോര്‍ തിയേറ്ററില്‍ നടന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2013ൽ നടന്ന അഭിമുഖത്തിന് ശേഷം നരേന്ദ്ര മോദി തന്നോട് സംസാരിച്ചിട്ടില്ലെന്നും ഥാപ്പര്‍ പറഞ്ഞു. പ്രധാനമന്ത്രി ആയതിനുശേഷം നിരവധി തവണ അഭിമുഖത്തിനായി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അതൊന്നും അദ്ദേഹം പരിഗണിച്ചില്ലെന്നും കരണ്‍ ഥാപ്പര്‍ പ്രതികരിച്ചു.

ഇനിയൊരു അവസരം ലഭിച്ചാല്‍ ‘നിങ്ങള്‍ക്ക് ഇപ്പോള്‍ ദാഹം തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇവിടെ വെള്ളമുണ്ട്, കുടിക്കാം’ എന്നായിരിക്കും ആദ്യം ചോദിക്കുകയെന്നും ഥാപ്പര്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യ കപ്പിലെ ഇന്ത്യയുടെ നിലപാടിനെയും ഥാപ്പര്‍ വിമര്‍ശിച്ചു. പാക് ടീമിന് കൈകൊടുക്കാത്ത ഇന്ത്യന്‍ ടീമിന്റെ പെരുമാറ്റം ക്രിക്കറ്റ് മത്സരത്തിന്റെ സ്പിരിറ്റിന് എതിരായിരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം നരേന്ദ്ര മോദി റദ്ദാക്കിയ കരണ്‍ ഥാപ്പറുമായുള്ള അഭിമുഖം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്.

2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ച ഥാപ്പറോട് ഒരു ഗ്ലാസ് വെള്ളമാണ് ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി അന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കരണ്‍ ഥാപ്പര്‍ ടാഗോര്‍ ഹാളില്‍ സംസാരിച്ചത്.

2016ന് ശേഷം ബി.ജെ.പി തന്നെ നിരന്തരം ബഹിഷ്‌കരിച്ചിരിക്കുകയാണെന്ന് മാതൃഭൂമി വാരന്ത്യപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ കരണ്‍ ഥാപ്പര്‍ പറഞ്ഞിരുന്നു. രണ്ട് മിനിറ്റ് 45 സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന സംഭാഷണമാണ് ഥാപ്പര്‍ മോദിയുമായി നടത്തിയത്.

അടുത്തിടെ കരണ്‍ ഥാപ്പറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ ബി.എന്‍.എസ് സെക്ഷന്‍ 152 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഥാപ്പറിന് സുപ്രീം കോടതി ഇടക്കാല സംരക്ഷണവും നല്‍കിയിരുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് ‘ദി വയര്‍’ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ‘ദി വയര്‍’ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയും കേസെടുത്തിരുന്നു.

‘ഇന്തോനേഷ്യയിലെ ഒരു സര്‍വകലാശാല സംഘടിപ്പിച്ച സെമിനാര്‍, ഓപ്പറേഷന്‍ സിന്ദൂരില്‍ ഉപയോഗിച്ച സൈനിക തന്ത്രങ്ങളെക്കുറിച്ച് ഇന്തോനേഷ്യയിലെ ഇന്ത്യയുടെ സൈനിക അറ്റാഷെ ഉള്‍പ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രസ്താവന എന്നിവയെ കുറിച്ചുള്ള വസ്തുതാപരമായ റിപ്പോര്‍ട്ടാണ് ഞങ്ങൾ പ്രസിദ്ധീകരിച്ചത്’ കേസിന് അടിസ്ഥാനമായ റിപ്പോര്‍ട്ടിങ്ങില്‍ ദി വയര്‍ നൽകിയ വിശദീകരണം.

Content Highlight: No guilt over Modi walking out of interview: Karan Thapar

We use cookies to give you the best possible experience. Learn more