ന്യൂദല്‍ഹി: ഇന്ത്യയിലെ ഊര്‍ജ ഇറക്കുമതി സുരക്ഷിതമായി തുടരുകയാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യത്തെ പൗരന്മാരുടെ ഊര്‍ജ ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഇന്ധനക്ഷാമമില്ലെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് എല്‍.പി.ജി വിതരണം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് ഹര്‍ദീപ് സിങ് പുരിയുടെ അവകാശവാദം. ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, എ.ടി.എഫ് എന്നിവയുടെ ലഭ്യതക്കക്കുറവില്ലെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
ഇന്ത്യയിലെ 33 കോടിയിലധികം വരുന്ന കുടുംബങ്ങളുടെ അടുക്കളകളില്‍, പ്രത്യേകിച്ച് ദരിദ്രരും പിന്നോക്കം നില്‍ക്കുന്നവരുടെയും കുടുംബങ്ങളില്‍ ഒരു ക്ഷാമവും ഉണ്ടാകരുതെന്നാണ് മോദി സര്‍ക്കാരിന്റെ നിലപാട്.
ഗ്യാസ് സിലിണ്ടറുകളുടെ പൂഴ്ത്തിവെക്കലും കരിഞ്ചന്തയും ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഭക്ഷണശാലകള്‍ നേരിടുന്ന പ്രതിസന്ധി ഇന്ന് (വ്യാഴം) മുതല്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യാജപ്രചാരണം നടത്താനുള്ള സാഹചര്യമല്ലിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്‍.പി.ജി ഉത്പാദനം 28 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, ബദല്‍ മാര്‍ഗങ്ങളിലൂടെയുള്ള ഊര്‍ജ ഇറക്കുമതിയുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം നീണ്ടുപോയാലും അത് നമ്മെ ബാധിക്കില്ല. രാജ്യം ഒരുമിച്ച് ഈ വെല്ലുവിളിയെ നേരിടണമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനായി യു.എസ് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് നല്‍കിയിരുന്നു. യു.എസ് നൽകിയ ഇളവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് സഭയില്‍ ഉയര്‍ത്തിയത്.
‘ഇവിടെയൊരു മാന്യന്‍ ഇരിക്കുന്നുണ്ട്’ എന്നായിരുന്നു പെട്രോളിയം മന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട നയത്തില്‍ ഒരു ഒത്തുതീര്‍പ്പുണ്ടായിട്ടുണ്ട്. അതിന് കാരണം ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരിയ്ക്കുള്ള ബന്ധമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Content Highlight: no fuel shortage, LPG production increased by 28%; No need for false propaganda: Hardeep Singh