| Thursday, 9th April 2026, 5:56 pm

ഹോര്‍മുസില്‍ ഒരു തരത്തിലുള്ള പണമടയ്ക്കലോ ടോളോ അംഗീകരിക്കാനാകില്ല, സ്വതന്ത്ര വ്യാപാരമാണ് വേണ്ടത്: യൂറോപ്യന്‍ യൂണിയന്‍

അനിത സി

ബ്രസല്‍സ്: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്ക് കപ്പലുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള ഇറാന്റെ തീരുമാനത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍.ഒരു തരത്തിലുള്ള പണമടയ്ക്കലോ ടോള്‍ പിരിവോ അംഗീകരിക്കാനാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് അനൗര്‍ എല്‍ അനൗണി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിലൂടെ നാവിഗേഷന്‍ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. അടിസ്ഥാനപരമായി യാതൊരു പേയ്മെന്റോ ടോളോ ഇല്ലാതെ അന്താരാഷ്ട്ര നിയമങ്ങള്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും എല്‍ അനൗണി ബ്രസല്‍സില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാവിഗേഷന്‍ സ്വാതന്ത്ര്യം ഒരു പൊതുനന്മയാണ്, അത് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹോര്‍മുസില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതിനെ യു.കെയും എതിര്‍ത്തു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ടോള്‍ ഫ്രീ ആയിരിക്കണമെന്ന് യു.കെ വിദേശകാര്യ മന്ത്രി യെവെറ്റ് കൂപ്പര്‍ പ്രതികരിച്ചു.

സമുദ്രങ്ങളുടെ മൗലിക സ്വാതന്ത്ര്യങ്ങള്‍ ഏകപക്ഷീയമായി പിന്‍വലിക്കുകയോ വ്യക്തിഗത ലേലക്കാര്‍ക്ക് വില്‍ക്കുകയോ ചെയ്യരുത്. ഒരു അന്താരാഷ്ട്ര ജലപാതകളില്‍ ടോളുകള്‍ക്ക് സ്ഥാനമില്ലെന്ന് കൂപ്പര്‍ വ്യാഴാഴ്ചയിലെ ലണ്ടന്‍ മാന്‍ഷന്‍ ഹൗസിലെ പ്രസംഗത്തില്‍ വ്യക്തമാക്കുമെന്ന് അവരുടെ വക്താവ് അറിയിച്ചു.

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകള്‍ക്ക് ബാരലിന് 1 ഡോളര്‍ എന്ന നിരക്കില്‍ തീരുവ ചുമത്താന്‍ ഇറാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പണം ക്രിപ്റ്റോ കറന്‍സിയില്‍ അടയ്ക്കണമെന്നാണ് ഇറാന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇറായും അമേരിക്കയും തമ്മില്‍ താത്കാലികമായ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹോര്‍മുസിലെ നിയന്ത്രണങ്ങളില്‍ ഇറാന്‍ അയവ് വരുത്തിയിട്ടില്ല.

കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളെയും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇറാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും കപ്പലുകള്‍ കടന്നുപോകുന്നതിന് മുമ്പ് ചരക്ക് വിലയിരുത്തുന്നതുള്‍പ്പെടെയുള്ളവ ഇറാന്റെ പരിഗണനയിലാണെന്നും ഇറാനിലെ എണ്ണ, വാതക, പെട്രോകെമിക്കല്‍ ഉത്പന്ന കയറ്റുമതിക്കാരുടെ യൂണിയന്‍ വക്താവ് ഹമീദ് ഹൊസൈനിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Free trade is needed, no form of payment or toll will be accepted in Hormuz: European Union

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more