| Tuesday, 22nd April 2025, 8:56 am

വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് അധ്യാപകരുടെ ഭക്ഷണപാര്‍ട്ടികള്‍ വേണ്ട: ഉത്തരവിറക്കി ബാലാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂള്‍ പ്രവൃത്തിദിനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ച് അധ്യാപകര്‍ ഭക്ഷണപാര്‍ട്ടികള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് ബാലാവകാശ കമ്മീഷന്‍. ഇത്തരം നടപടികള്‍ സാമൂഹിക പങ്കാളിത്ത അവകാശങ്ങളുടെ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

റിട്ടയേര്‍ഡ് അധ്യാപകന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. റിട്ടയേര്‍ഡ് അധ്യാപകനായ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇ.സി. നാസിറാണ് പരാതി നല്‍കിയത്.

അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തുന്ന പാര്‍ട്ടികള്‍, സദ്യകള്‍ എന്നിവ വൈകുന്നേരം ക്ലാസ് കഴിഞ്ഞോ അല്ലെങ്കില്‍ കുട്ടികള്‍ രാവിലെ സ്‌കൂളില്‍ എത്തുന്നതിന് മുമ്പോ നടത്തുന്നതാണ് ഉചിതമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

2005 ആക്ടിലെ 15ാം വകുപ്പ് പ്രകാരമാണ് കമ്മീഷന്റെ ഉത്തരവ്. പ്രവൃത്തിദിനങ്ങളില്‍ ഉചിതമായ രീതിയില്‍ നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അവധി ദിവസങ്ങളില്‍ നടത്താമെന്നും ഉത്തരവില്‍ പറയുന്നു.

ഭക്ഷണപാര്‍ട്ടികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും നല്‍കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഭക്ഷണത്തിന്റെ ഗന്ധം കുട്ടികള്‍ക്ക് കിട്ടുമ്പോള്‍ കുട്ടികള്‍ക്ക് കഴിക്കാനുള്ള ആഗ്രഹമുണ്ടാവുകയും കിട്ടാതിരിക്കുമ്പോള്‍ വിഷമം ഉണ്ടാക്കുമെന്നും കമ്മീഷന്‍ പറഞ്ഞു. ദരിദ്രരായ കുട്ടികള്‍ക്കുള്‍പ്പെടെ പ്രയാസമുണ്ടാക്കുന്നതിന് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു.

Content Highlight: No food parties for teachers in front of students: Child Rights Commission issues order

We use cookies to give you the best possible experience. Learn more