| Sunday, 9th August 2026, 1:50 pm

ക്ഷേത്രങ്ങളിലെ റീല്‍സ് ചിത്രീകരണം വേണ്ട: പ്രധാനയിടങ്ങളില്‍ ഫോണ്‍ നിരോധിച്ച് തമിഴ്‌നാട്

നിഷാന. വി.വി

ചെന്നൈ: ക്ഷേത്രങ്ങളിലെ റീല്‍സ് ചിത്രീകരണത്തിന് പൂട്ടിടാന്‍ തമിഴ്‌നാട്. പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചിരിക്കുകയാണ് തമിഴ്‌നാട് ദേവസ്വം ബോര്‍ഡ്. വി.ഐ.പി സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും തമിഴ്നാട് ദേവസ്വം ബോര്‍ഡ് ഉത്തരവിട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും.

ക്ഷേത്ര പരിസരത്ത് റീല്‍സോ മറ്റ് ചിത്രീകരണമോ അനുവദിക്കില്ല. ക്ഷേത്രത്തിന് അകത്ത് ഫോട്ടോയെടുക്കാനോ ദൈവങ്ങളുടെ വീഡിയോ എടുക്കാനോ പാടില്ല, വി.ഐ.പികളോ സിനിമാ താരങ്ങളോ ആര് വന്നാലും വീഡിയോയോ ഫോട്ടോയോ എടുക്കാന്‍ അനുവദിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.

ഭക്തരുടെ മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാന്‍ ക്ലോക്ക് റൂം സ്ഥാപിക്കുമെന്നും ഒരു ഫോണിന് അഞ്ച് രൂപ ചാര്‍ജ് ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഫോണ്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കുമെന്നും മൊബൈലിന് ഈടാക്കുന്ന ഫീസിന് ഇന്റഗ്രേറ്റഡ് ടെമ്പില്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി രസീത് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

2022 ഡിസംബര്‍ 2 ലെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് വകുപ്പ് അറിയിച്ചു. ഭക്തര്‍ മൊബൈല്‍ ഫോണുകള്‍ അകത്ത് കൊണ്ടുപോകുന്നത് തടയണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും നേരത്തെ സര്‍ക്കുലറുകള്‍ ക്ഷേത്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ചില ഭക്തര്‍ ഇപ്പോഴും ക്ഷേത്രപരിസരത്ത് മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാനും, വീഡിയോകള്‍ റെക്കോര്‍ഡുചെയ്യാനും, സെല്‍ഫികള്‍ എടുക്കാനും, സോഷ്യല്‍ മീഡിയയ്ക്കായി ഹ്രസ്വ വീഡിയോകളോ റീലുകളോ ഷൂട്ട് ചെയ്യാറുണ്ടന്ന് പുതിയ സര്‍ക്കുലറില്‍ പറയുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രങ്ങളുടെ സമാധാനപരവും ആത്മീയവുമായ അന്തരീക്ഷത്തെ ബാധിക്കുകയും മറ്റ് ഭക്തര്‍ക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്തുവെന്ന് അതില്‍ പറയുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന വ്യക്തമായ ബോര്‍ഡുകള്‍ ക്ഷേത്രത്തിന്റെ പ്രവേശന കവാടങ്ങളിലും പുറത്തും സ്ഥാപിക്കാന്‍ ക്ഷേത്ര അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതു അറിയിപ്പ് സംവിധാനങ്ങള്‍ വഴിയും നിയന്ത്രണം പ്രഖ്യാപിക്കണം.

Content Highlight: No filming of Reels in temples: Tamil Nadu bans phones in key areas.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more