| Saturday, 20th September 2025, 7:56 pm

ഈ വര്‍ഷം സിനിമയില്ല; ഉദ്ദേശിക്കുന്നത് സംവിധാനം ചെയ്യാന്‍: ധ്യാന്‍ ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം സിനിമകളില്‍ അഭിനയിക്കുന്നില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍. കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ച ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ മനീഷ് നാരായണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ വര്‍ഷം ഇറങ്ങുന്ന സിനിമകളൊക്കെ കഴിഞ്ഞ വര്‍ഷം ചെയ്ത സിനിമകളാണ്. ഈ വര്‍ഷം സിനിമ ചെയ്യാത്തതിന് കാരണം സിനിമ സംവിധാനം ചെയ്യണം എന്നൊരു പ്ലാനിങ്ങിലാണ്. അതിന്റെ എഴുത്ത് തുടങ്ങി. ഒരു മൂന്നാല് മാസം ആയി. അതില്‍ തിര 2 ഉണ്ട്. അതിന്റെ കൂടെ തന്നെ ഒന്ന് രണ്ടെണ്ണം കൂടി എഴുതുന്നുണ്ട്. അതിന്റെ എഴുത്തൊക്കെയായിട്ട് കുറച്ച് നാളുകളായി ബ്രേക്ക് ആണ്. സ്വാഭാവികമായിട്ടും ഇനി പഴയതുപോലെ തുടര്‍ച്ചയായി അഭിനയം ഇനി നടക്കില്ല. ധനസമാഹരണ പദ്ധതിയായിരുന്നു ഇതുവരെ. ഇനി സമാധാനത്തില്‍ നമ്മുടെ സൗകര്യത്തിലുള്ള സിനിമ മേക്കിങ്ങിലേക്ക് പോകാം എന്ന് വിചാരിച്ചു,’ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

2013ല്‍ തന്നെ തിരയുടെ കാന്‍വാസ് വളരെ വലുതായിരുന്നെന്നും അഞ്ച് സംസ്ഥാനങ്ങളില്‍ പോയി ഷൂട്ട് ചെയ്‌തെന്നും അദ്ദേഹം പറയുന്നു. മറ്റ് ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളെ കൊണ്ടുവന്ന് മള്‍ട്ടി ലാഗ്വേജ് ആയി ഷൂട്ട് ചെയ്ത സിനിമയാണ് തിരയെന്നും എന്നാല്‍ അന്നത്തെ മലയാളി പ്രേക്ഷകര്‍ക്ക് വളരെ കാലം മുമ്പ് വന്ന സിനിമയായി തിരയെ തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് നമ്മള്‍ എല്ലാത്തരം സിനിമകളെയും സ്വീകരിക്കുന്നുവെന്നും ഇന്ന് തിരയ്ക്ക് കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നുന്നുവെന്നും ധ്യാന്‍ പറഞ്ഞു. തിരയ്ക്ക് കള്‍ട്ട് പ്രേക്ഷകരുണ്ടെന്നും അപ്പോള്‍ അതിനും മുകളില്‍ നില്‍ക്കണം രണ്ടാം ഭാഗമെന്നും പറഞ്ഞ ധ്യാന്‍ ശ്രീനിവാസന്‍ രണ്ടാം ഭാഗം വലിയ സ്‌കെയില്‍ ആണ് എഴുതുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

സമയം എടുത്ത് മാത്രമേ ആ സിനിമ ചെയ്യാന്‍ സാധിക്കൂവെന്നും വലിയ കോസ്റ്റ് വരുന്ന സിനിമായിരിക്കും തിരയെന്നും അദ്ദേഹം പറയുന്നു.

നേരത്തേ തിയേറ്ററില്‍ റിലീസ് ചെയ്ത സമയത്ത് ശ്രദ്ധിക്കാതെ പോയ സിനിമയാണ് തിര. ശോഭന, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. പിന്നീട് ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: No film this year; plans to direct: Dhyan Sreenivasan

We use cookies to give you the best possible experience. Learn more