തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ പിണറായി വിജയനെതിരെ നേരിട്ടുള്ള തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കുന്നതായി റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്തു.
മുൻപ് കോടതികൾ തള്ളിയ ബാങ്ക് രേഖകളും ചില മൊഴികളും മാത്രമാണ് ഇ.ഡി തെളിവുകളായി നൽകിയിട്ടുള്ളത്.
സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കൈമാറിയ 25 പേജുള്ള കത്തിൽ മൊഴികൾ മാത്രമാണ് പ്രധാനമായും ഉള്ളതെന്ന് റിപ്പോർട്ടർ ടി.വി വാർത്തയിൽ ചൂണ്ടിക്കാട്ടുന്നു. ഈ മൊഴികളുടെ ബലത്തിലാണ് സംസ്ഥാന പൊലീസിനോട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഇ.ഡി ആവശ്യപ്പെടുന്നത്. എന്നാൽ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചോ വിദേശത്തേക്ക് പണം കടത്തിയതുമായോ നേരിട്ടുള്ള ആധികാരിക രേഖകളൊന്നും ഹാജരാക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല.
സി.എം.ആർ.എൽ മുൻ സി.എഫ്.ഒ പി. സുരേഷ് കുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് നേരത്തെ വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുള്ളതാണ്.
മുൻപ് കോടതികൾ തള്ളിയ അതേ രേഖകളും മൊഴികളും മാത്രമാണ് ഇപ്പോഴും ഉള്ളത് എന്നതിനാൽ, പൊലീസ് ആക്ട് പ്രകാരം പിണറായി വിജയനെതിരെ കേസെടുക്കാനോ പ്രാഥമിക അന്വേഷണം നടത്താനോ അഡ്വക്കേറ്റ് ജനറൽ (എ.ജി) ശുപാർശ ചെയ്തേക്കില്ലെന്നാണ് റിപ്പോർട്ടർ ടി.വി വ്യക്തമാക്കുന്നത്.
നിലവിൽ ലഭ്യമായ വിവരങ്ങൾ വെച്ച് പുതിയ കേസുമായി മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്ന് എ.ജി സർക്കാരിനെ അറിയിച്ചേക്കും.
അതേസമയം, പി.എ. മുഹമ്മദ് റിയാസിനെതിരായ ആരോപണങ്ങളിൽ എ.ജിയുടെ നിയമോപദേശം വ്യത്യസ്തമായേക്കാം. മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തിയെന്ന് ഇ.ഡി ആരോപിക്കുന്നുണ്ടെങ്കിലും കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട നേരിട്ടുള്ള രേഖകളോ തെളിവുകളോ കത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഹസൻ വാരിസ് നൽകിയ മൊഴിയാണ് ഇതിനായി ഇ.ഡി ചൂണ്ടിക്കാട്ടുന്നത്. കോടതികൾ മുൻപ് ഈ വിഷയം പരിഗണിക്കാത്ത പശ്ചാത്തലത്തിൽ, മുഹമ്മദ് റിയാസിനെതിരെ പ്രാഥമിക പരിശോധന നടത്താൻ എ.ജി ശുപാർശ നൽകിയേക്കുമെന്നാണ് ലഭിക്കുന്ന വിവരമെന്ന് റിപ്പോർട്ടർ ടി.വി റിപ്പോർട്ട് ചെയ്യുന്നു.
എ.ജിയുടെ അന്തിമ നിയമോപദേശം ലഭിച്ച ശേഷമായിരിക്കും സർക്കാർ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുക.
Content Highlight:No evidence against Pinarayi in ED letter, only statements; AG unlikely to recommend filing case, report says.