ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഇന്ത്യ. പാകിസ്ഥാന്‍ യാത്ര വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കാതിരിക്കാന്‍ ഇന്ത്യ വ്യോമാതിര്‍ത്തി അടച്ചു.
യാത്ര വിമാനങ്ങള്‍ക്ക് പുറമെ പാകിസ്ഥാന്റെ സൈനിക വിമാനങ്ങള്‍ക്കും ഇന്ത്യയില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്ഥാന്‍ വഴി വരുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് ഇത് ബാധകമല്ല.
പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതോ അല്ലെങ്കില്‍ പാകിസ്ഥാന്‍ ലീസിനെടുത്തതോ ആയ വിമാനങ്ങള്‍ക്കൊന്നും ഇനി ഇന്ത്യയില്‍ പ്രവേശിക്കാനാവില്ല. ഏപ്രില്‍ 30 മുതല്‍ മെയ് 23 വരെ വ്യോമാതിര്‍ത്തി അടച്ചിടുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയില്‍ പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ വ്യോമാതിര്‍ത്തി അടയ്ക്കുന്നതോടെ, മലേഷ്യ പോലുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്താന്‍ പാകിസ്ഥാന്‍ വിമാനക്കമ്പനികള്‍ ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൂടെ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരും ഇനി മുതല്‍.
വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പുറമെ ഹാനിയ ആമിര്‍, മഹിര ഖാന്‍ എന്നിവരുള്‍പ്പെടെ നിരവധി പാകിസ്ഥാന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇനി ലഭ്യമാകില്ല. ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കള്‍ ചില പാകിസ്ഥാന്‍ അഭിനേതാക്കളുടെയും കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റേയും അക്കൗണ്ടുകള്‍ ആക്സസ് ചെയ്യുമ്പോള്‍ ‘അക്കൗണ്ട് ലഭ്യമല്ല’ എന്ന സന്ദേശമാണ് നിലവില്‍ കാണിക്കുന്നത്.
പാക് താരങ്ങള്‍ അലി സഫര്‍, സനം സയീദ്, ബിലാല്‍ അബ്ബാസ്, ഇഖ്റ അസീസ്, ഇമ്രാന്‍ അബ്ബാസ്, സജല്‍ അലി എന്നിവരുടേയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡോണ്‍ ന്യൂസ്, സമ ടിവി, എ. ആര്‍. വൈ. ന്യൂസ്, ജിയോ ന്യൂസ് തുടങ്ങിയ പ്രമുഖ പാകിസ്ഥാന്‍ മാധ്യമങ്ങളുള്‍പ്പെടെ 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ സ്വദേശികളുടെ വിസ ഇന്ത്യ റദ്ദാക്കുകയും സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുകയും ചെയ്തതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ പാകിസ്ഥാനും അവരുടെ വ്യോമാതിര്‍ത്തി അടച്ചിരുന്നു.
ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിക്കുന്നതോ ആയ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ വ്യോമാതിര്‍ത്തി അടച്ച പാകിസ്ഥാന്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍ പോലുള്ള മൂന്നാം രാജ്യങ്ങളില്‍ നിന്നടക്കം ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവയ്ക്കുകയാണെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന വിസകള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും പാകിസ്ഥാന്‍ അറിയിച്ചിരുന്നു.
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചത് നൂറുകണക്കിന് ഇന്ത്യന്‍ വിമാനങ്ങളെ വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതരാക്കിയിരുന്നു. ഇത് ഇന്ധനച്ചെലവും സമയച്ചെലവും വര്‍ധിക്കാനും കാരണമായിരുന്നു.
Content Highlight: No entry for Pakistani flights; India closes airspace