| Friday, 30th May 2025, 6:19 pm

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വൈദ്യുതിയില്ല; യു.പിയില്‍ സ്വന്തം ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ നാല് യുവതികള്‍ പ്രസവിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ നാല് യുവതികള്‍ പ്രസവിച്ചു. പിങ്കി രാജ്ഭര്‍, മഞ്ജു ദേവി, നിതു സഹാനി, റസിയ ഖാത്തൂണ്‍ എന്നീ നാല് യുവതികളാണ് സ്വന്തം ഫളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ പ്രസവിച്ചത്. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബെറുവാര്‍ബാരി പി.എച്ച്.സിയിലാണ് സംഭവം. ഈ പ്രദേശത്തെ 26 ഗ്രാമങ്ങളിലെ ഒരേയൊരു സര്‍ക്കാര്‍ ആശുപത്രിയാണിത്.

20 ലക്ഷം രൂപയുടെ സോളാര്‍ പ്ലാന്റുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇവ കേടായിരുന്നു. തുടര്‍ന്നാണ് ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ പ്രസവം നടത്തിയത്. എന്നാല്‍ ഇത് ഒരു ദിവസത്തെ അവസ്ഥ മാത്രമല്ലെന്നും എല്ലാ ദിവസവും ഇത് തന്നെയാണ് സ്ഥിതിയെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇവിടെ വിളക്കുകളും ഫാനുകളും വളരെ അപൂര്‍വമായി മാത്രമേ പ്രവര്‍ത്തിക്കാറുള്ളു എന്ന് യുവതികളിലൊരാളുടെ ഭര്‍ത്താവ് പറഞ്ഞു.

‘ഏതാണ്ട് എല്ലാ ആഴ്ചയും, ഗ്രാമത്തിലെ രോഗികളുമായി ഞാന്‍ ഈ ആശുപത്രിയിലേക്ക് വരാറുണ്ട്. ഇവിടെ ഒരു ലൈറ്റ് പ്രവര്‍ത്തിക്കുകയോ ഫാന്‍ കറങ്ങുകയോ ചെയ്യുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല,’ ചന്ദ്രമ പറഞ്ഞു.

പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപമുള്ള മറ്റൊരു ആശുപത്രിയില്‍ വൈദ്യുതി ഉണ്ടായിരുന്നെങ്കിലും ജീവനക്കാര്‍ ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. ഈ ആശുപത്രിയിലേക്ക് പ്രസവ വേദനയെത്തുടര്‍ന്ന് എത്തിയ സവിത പട്ടേല്‍ എന്ന യുവതി ഗേറ്റില്‍ വെച്ച് പ്രസവിച്ച വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു.

യുവതിയെ ആശുപത്രിയിലേക്ക് കൊണ്ട് വന്നെങ്കിലും ഡോക്ടര്‍മാര്‍ ഇല്ലെന്ന്‌ പറഞ്ഞ് ജീവനക്കാര്‍ അകത്തേക്ക് കടത്തി വിട്ടില്ല. ഒടുവില്‍ യുവതി ഗേറ്റിന് സമീപമുള്ള റോഡിലാണ് പ്രസവിച്ചത്.

ആശുപത്രി ഗേറ്റിലെ പ്രസവം വിവാദമായതോടെ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയും പിരിച്ചുവിട്ട് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

വിവാദങ്ങളെത്തുടര്‍ന്ന് ഈ ആശുപത്രിയിലേക്ക്‌ പുതിയ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിച്ചിട്ടുണ്ട്. എന്നിരുന്നാലും കാര്യങ്ങളില്‍ വലിയ പുരോഗതിയുണ്ടാവുമെന്ന വിശ്വാസം ഗ്രാമവാസികള്‍ക്കില്ല. കാരണം മുമ്പ് ഇവിടെ നിയമിച്ച എല്ലാ ഡോക്ടര്‍മാരും വൈകുന്നേരം ആറ് മണിക്ക് ശേഷം സ്വന്തമായി സ്വകാര്യ പ്രാക്ടീസ് നടത്തുമായിരുന്നു. വൈകുന്നേരങ്ങളില്‍ ഡോക്ടര്‍മാരൊന്നും തന്നെ ആശുപത്രിയില്‍ ഉണ്ടാവുമായിരുന്നില്ല.

Content Highlight: No electricity at primary health center; Four young women give birth in UP by the light of  flashlights

We use cookies to give you the best possible experience. Learn more