| Tuesday, 31st March 2026, 8:30 am

എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയിട്ടില്ല; വോട്ട് വേണ്ടെന്ന് പറയില്ല: വി.ശിവന്‍കുട്ടി

അനിത സി

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ എസ്.ഡി.പി.ഐ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സംഭവത്തോട് പ്രതികരിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി.

വോട്ട് നല്‍കാമെന്ന് പറയുന്ന ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍, എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്നും വോട്ട് പിന്തുണ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നേമത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

എസ്.ഡി.പി.ഐ മത്സരിക്കാത്ത മണ്ഡലങ്ങളിലെ പിന്തുണയെ സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. നേമം മണ്ഡലത്തില്‍ ബി.ജെ.പി ജയിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പരസ്യ പിന്തുണ നല്‍കും.

ബി.ജെ.പിക്ക് സാധ്യതയുള്ള മറ്റൊരു മണ്ഡലമായ മഞ്ചേശ്വരത്ത് യു.ഡി.എഫിന് പിന്തുണ കൊടുക്കുന്ന കാര്യം ഇനിയും തീരുമാനിച്ചട്ടല്ലെന്നും യു.ഡി.എഫിനും ബി.ജെ.പിക്കും ഒരുപോലെ സാധ്യതയുള്ള മണ്ഡലങ്ങളിലെ പിന്തുണയെ സംബന്ധിച്ച് പഠിച്ചതിന് ശേഷം മാത്രം തീരുമാനിക്കുമെന്നും എം.കെ. ഫൈസി അറിയിച്ചിരുന്നു.

ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചേക്കില്ലെന്നും പ്രവര്‍ത്തരെ മാത്രം അറിയിച്ചും മുന്നോട്ട് പോകുമെന്നുമുള്ള നിലപാടിലാണ് പാര്‍ട്ടിയെന്ന് എം.കെ. ഫൈസി പറഞ്ഞു.

ഈ കാര്യങ്ങള്‍ എസ്.ഡി.പി.ഐ നേതൃത്വം ചര്‍ച്ച ചെയ്യുകയാണെന്നും പരസ്യ പിന്തുണ നല്‍കേണ്ട സാഹചര്യത്തില്‍ അങ്ങനെ ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

മുന്നണികള്‍ക്ക് നല്‍കുന്ന പിന്തുണ സംബന്ധിച്ച് ഒരുപാട് ചര്‍ച്ച നടത്തി പുരോഗതിയില്‍ എത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എസ്.ഡി.പി.ഐയെ എതിര്‍ക്കുന്നു. ആരെ പ്രീതിപ്പെടുത്താനാണ് അങ്ങനെ ചെയ്യുന്നതെന്ന് അറിയില്ലെന്നും എം.കെ. ഫൈസി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ കോണ്‍ഗ്രസും എസ്.ഡി.പിഐയും ഒരുമിച്ചാണ്, കേരളത്തില്‍ മാത്രമാണ് നേതാക്കള്‍ക്ക് ഈ പിടിവാശിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്.ഡി.പി.ഐക്ക് പങ്കില്ലെന്നും ആ സമയത്ത് സി.പി.ഐ.എം പറഞ്ഞതിനെ ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും എം.കെ. ഫൈസി പറഞ്ഞു.

തലശേരിയില്‍ കാരായി രാജനെ തോല്‍പ്പിക്കും. ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ അവിടെ ഇറക്കിയിട്ടുണ്ടെന്നും അക്കാര്യത്തില്‍ ഒരു വൈരുദ്ധ്യവും ഇല്ലെന്നും ഈ ഒരൊറ്റ കാര്യം വെച്ചല്ല രാഷ്ട്രീയ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

നേരത്തെ, മഞ്ചേശ്വരത്ത് മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാര്‍ത്ഥി കെ.എം. അഷ്‌റഫിന്റെ സ്ഥാനാര്‍ത്ഥിത്വം എസ്.ഡി.പി.ഐ പിന്‍വലിച്ചിരുന്നു. മുസ്‌ലിം ലീഗും ബി.ജെ.പിയും ശക്തമായി നില്‍ക്കുന്ന മണ്ഡലത്തില്‍ വോട്ടില്‍ വിള്ളലുണ്ടായാല്‍ അത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കെ. സുരേന്ദ്രന് സഹായകരമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചത്.

ഇതിനായി യു.ഡി.എഫ് നേതാക്കള്‍എസ്.ഡി.പി.ഐ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അഷ്‌റഫ് പാര്‍ട്ടി ഭാരവാഹിത്വം രാജിവെച്ചിരുന്നു.

Content Highlight: No discussions with SDPI; will not say no to vote: V. Sivankutty

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more