| Friday, 4th September 2026, 9:09 pm

വരുന്നു, അനൗണ്‍സ് ചെയ്യുന്നു, ഡ്രോപ്പാകുന്നു; വിക്രമിന് ശേഷം അനൗണ്‍സ് ചെയ്ത പടങ്ങളില്‍ കമല്‍ ഹാസന്‍ ചെയ്തത് രണ്ടെണ്ണം മാത്രം

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് കമല്‍ ഹാസന്‍. ചെറിയ പ്രായത്തില്‍ സിനിമയിലേക്കെത്തിയ കമല്‍ ഹാസന്‍ സിനിമാലോകത്ത് കൈവെക്കാത്ത മേഖലകളില്ലെന്ന് പറയാം. ഇടയ്ക്ക് നാല് വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും വിക്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി എല്ലാവരെയും ഞെട്ടിച്ചു.

എന്നാല്‍ വിക്രത്തിന് ശേഷം താരം ചെയ്ത സിനിമകള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കി. ഇന്ത്യന്‍ 2, തഗ് ലൈഫ് എന്നീ ചിത്രങ്ങള്‍ വലിയ ട്രോള്‍ മെറ്റീരിയലായി മാറി. കഴിഞ്ഞദിവസം പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് കമല്‍ ഹാസന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. ചിത്ത, വീര ധീര സൂരന്‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ്.യു അരുണ്‍ കുമാറിനൊപ്പമാണ് കമല്‍ ഹാസന്‍ കൈകോര്‍ക്കുന്നത്.

എന്നാല്‍ ഇത്രയും വലിയ പ്രൊജക്ടിന്റെ അപ്‌ഡേറ്റ് സിനിമാപേജുകളില്‍ അധികം ചര്‍ച്ചയാകുന്നില്ല. ഇതിന് കാരണം മുമ്പ് അനൗണ്‍സ് ചെയ്ത കമല്‍ ഹാസന്റെ പ്രൊജക്ടുകളാണ്. വിക്രത്തിന് ശേഷം രണ്ട് വമ്പന്‍ സിനിമകള്‍ താരത്തിന്റേതായി അനൗണ്‍സ് ചെയ്‌തെങ്കിലും രണ്ടും എങ്ങുമെത്താതെ പോയി. ഇതിനൊപ്പം ചില പ്രൊജക്ടുകള്‍ ചര്‍ച്ചയില്‍ മാത്രം ഒതുങ്ങുകയും ചെയ്തു.

എച്ച്. വിനോദിനൊപ്പമുള്ള പ്രൊജക്ടായിരുന്നു ഇതില്‍ ആദ്യം. 2022ല്‍ അനൗണ്‍സ് ചെയ്ത KH 233 പിന്നീട് നടക്കാതെ പോവുകയായിരുന്നു. ഈ കഥയാണ് പിന്നീട് വിജയ്‌യെ നായകനാക്കി ചെയ്ത ജന നായകനെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍ബറിവിനൊപ്പമുള്ള KH 237 സ്‌ക്രിപ്റ്റ് പൂര്‍ത്തിയായതിന് ശേഷം ഡ്രോപ്പായെന്നാണ് റിപ്പോര്‍ട്ട്. ശ്യാം പുഷ്‌കരനടക്കം വര്‍ക്ക് ചെയ്ത ചിത്രമാണ് KH 237.

ലോകേഷ് കനകരാജിനൊപ്പമുള്ള വിക്രം 2, കൈതി 2 തുടങ്ങിയ സിനിമകളുടെ ഭാവിയും തുലാസിലാണ്. ഷൂട്ട് പൂര്‍ത്തിയായ ഇന്ത്യന്‍ 3യുടെ അവസ്ഥ എന്താണെന്ന് നിര്‍മാതാവിന് മാത്രമേ അറിയുള്ളൂ. പ്രഭാസിന്റെ തിരക്ക് കാരണം കല്‍ക്കി 2ന്റെ ഷൂട്ടും ഇഴഞ്ഞുനീങ്ങുകയാണ്. രജിനികാന്തിനെ നായകനാക്കി കമല്‍ നിര്‍മിക്കുന്ന ധര്‍മന്റെ ഷൂട്ട് പകുതിയോളമായി.

രാഷ്ട്രീയത്തിലെ തിരക്കിനനുസരിച്ച് സിനിമകള്‍ ചെയ്യുന്നത് കമല്‍ ഹാസന്റെ ആരാധകരില്‍ നിരാശയുണ്ടാക്കുന്നുണ്ട്. ഡ്രോപ്പ് ചെയ്യാന്‍ വേണ്ടി മാത്രം സിനിമകള്‍ അനൗണ്‍സ് ചെയ്യരുതെന്നാണ് ട്രോളന്മാരുടെ കമന്റുകള്‍. സംവിധാനത്തില്‍ കൈകടത്തുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്നും ചിലര്‍ അഭിപ്രായപ്പടുന്നു. രാഷ്ട്രീയവും സിനിമയും ഒരുമിച്ച് കൊണ്ടുപോകാതെ ഏതെങ്കിലും ഒരു ഫീല്‍ഡില്‍ മാത്രം ഉറച്ച് നിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം.

Content Highlight: No discussions on Kamal Haasan’s new movie update

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more