| Saturday, 17th January 2026, 8:52 pm

എന്‍.എസ്.എസുമായി ഭിന്നതയില്ല; നായാടി മുതല്‍ നസ്രാണി വരെ ഒരുമിച്ച് നില്‍ക്കേണ്ട കാലം: വെള്ളാപ്പള്ളി

രാഗേന്ദു. പി.ആര്‍

ആലപ്പുഴ: നായാടി മുതല്‍ നസ്രാണി വരെ ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

എസ്.എന്‍.ഡി.പിയെയും എന്‍.എസ്.എസിനെയും തമ്മില്‍ തല്ലിച്ചത് യു.ഡി.എഫാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ വനിതാ സംഘത്തിന്റെ മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.എസ്.എസുമായി ഇനി ഭിന്നതയില്ലെന്നും അവരുമായി കൊമ്പ് കോര്‍ക്കാനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍.എസ്.എസുമായുള്ള ചര്‍ച്ചയ്ക്ക് വേണ്ടി പെരുന്നയില്‍ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

‘യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ഭരിക്കാന്‍ പോകുന്നത് മുസ്‌ലിം ലീഗായിരിക്കും. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടായിട്ടില്ല. എന്റെ മലപ്പുറം പ്രസംഗം വിവാദമാക്കുന്നത് വര്‍ഗീയ കലാപം ഉണ്ടാക്കാനാണ്,’ എന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

ക്രൈസ്തവരുടെ പിന്തുണ നേടാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. ക്രിസ്ത്യാനികള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും അദ്ദേഹം വിമര്‍ശിച്ചു.

വി.ഡി. സതീശന്‍ ഈഴവ വിരോധിയാണെന്നും വട്ടുള്ള സതീശനെ ഊളമ്പാറയില്‍ കൊണ്ടുപോയി ചികിത്സിക്കണമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്.

വര്‍ഗീയവാദികള്‍ക്ക് കുടപിടിച്ച് അവരുടെ തണലില്‍ നില്‍ക്കുന്ന സതീശന്‍ രാഷ്ട്രീയ മര്യാദ കാണിക്കണം. സതീശന് ഇപ്പോള്‍ മുസ്‌ലിം ലീഗിന്റെ സ്വരമാണ്. അദ്ദേഹം മുഖ്യമന്ത്രിയാകുമോയെന്ന് കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സതീശന്‍ ഇപ്പോള്‍ കാണിക്കുന്നത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവാണെന്നും ആരോപണമുണ്ട്. പിന്നോക്കക്കാരനായ താന്‍ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതാണ് വി.ഡി. സതീശന്റെ പ്രശ്‌നമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കേരളം പോലെ മതസൗഹാര്‍ദമുള്ള മറ്റൊരു സംസ്ഥാനമില്ലെന്നും കേരളത്തിലെ ആ മതസൗഹാര്‍ദം തകര്‍ക്കാന്‍ പല ശക്തികളും രംഗത്തുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Content Highlight: No differences with NSS; Time to stand together from Nayadi to Nasrani: Vellappally Natesan

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more