| Monday, 28th September 2026, 10:41 am

വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല; പ്രതികരിച്ച് മന്ത്രി എന്‍. ഷംസുദ്ദീന്‍

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ലെന്ന് വഖഫ്, ന്യൂനപക്ഷ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍. സര്‍ക്കാരിന് ആവശ്യമെങ്കില്‍ വഖഫ് ബോര്‍ഡിനെ പുനസംഘടിപ്പിക്കാമെന്ന ഹൈക്കോടതിയുടെ നിരീക്ഷണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

‘വഖഫ് ബോര്‍ഡ് വിഷയം നിങ്ങള്‍ക്കൊക്കെ അറിയുന്നതാണല്ലോ… ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ അതുമായി ബന്ധപ്പെട്ട ഒരു കേസ് നിലവിലുണ്ട്.കേസിന്റെ വിചാരണയ്ക്കിടയില്‍ നിലവിലുള്ള നിയമം അനുസരിച്ച് വഖഫ് ബോര്‍ഡ് പുനസംവിധാനം ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചതാണ്.

പക്ഷേ കോടതിയില്‍ കേസ് തീര്‍ന്നിട്ടില്ല. ഇപ്പോഴും അതിന്റെ വാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ ചോദിച്ച പോലെ പിരിച്ചുവിടാനുള്ള പ്രത്യേകമായ ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും നോംസ് പ്രകാരം സര്‍ക്കാരിന് വേണമെങ്കില്‍ വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സുപ്രീം കോടതിയിലും പുതിയ വഖഫ് ബോര്‍ഡ് ഭേദഗതി, വഖഫ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട് ചില കേസുകള്‍ ഒക്കെ ഉണ്ട്, ഞങ്ങള്‍ ഇതെല്ലാം നിരീക്ഷിക്കുകയാണ്. നിരീക്ഷിച്ചിട്ട് ആ രീതിയില്‍ ആയിരിക്കും ഇത് മുന്നോട്ട് പോവുക. നിങ്ങള്‍ ഇപ്പോള്‍ ചോദിച്ച പോലെ ഇങ്ങനെ ഒരു തീരുമാനം ഈ അടുത്ത ദിവസങ്ങളില്‍ ഞങ്ങള്‍ എടുത്തിട്ടില്ല.

നിലവില്‍ ഒരു രണ്ട് മൂന്ന് കേസുകള്‍ ഇതുമായി ബന്ധപ്പെട്ടുണ്ട്. അപ്പോള്‍ ആ ഒരു സാഹചര്യത്തില്‍ എല്ലാ വശവും പരിശോധിച്ചേ സര്‍ക്കാരിന് ഒരു കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുള്ളൂ,’ ഷംസുദ്ദീന്‍ പറഞ്ഞു.

നിലവിലുള്ള വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഗവണ്‍മെന്റിന്റെ നോമിനേഷന്‍ പ്രോപ്പര്‍ അല്ല എന്ന് പറഞ്ഞിട്ടുള്ള ഒരു കേസും ഹൈക്കോടതിയില്‍ ഉണ്ട്. ഇത്തരം നിയമപ്രശ്‌നങ്ങള്‍ വഖഫുമായി ബന്ധപ്പെട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: No decision has been made to dissolve the Waqf Board as of now; Minister N. Shamsuddeen responds.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more