| Saturday, 16th August 2025, 12:41 pm

ചര്‍ച്ച വിജയിച്ചിട്ടില്ല, ട്രംപ് ഒന്നും നേടിയുമില്ല; പക്ഷേ പുടിന്‍ തീര്‍ച്ചയായും ചിലത് നേടിയിട്ടുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയില്‍ സംഭവിച്ചതെന്തൊക്കെയെന്നതിന്റെ പൂര്‍ണ ചിത്രം വ്യക്തമല്ലെങ്കിലും കൂടിക്കാഴ്ചയില്‍ പുടിന്‍ അപ്രമാദിത്വം നേടിയതായി റിപ്പോര്‍ട്ട്.

ട്രംപിന് അദ്ദേഹം ആഗ്രഹിച്ചത് ലഭിച്ചില്ലെന്നും എന്നാല്‍ പുടിന്‍ ആഗ്രഹിച്ചത് ലഭിച്ചെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കന്‍ മണ്ണില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയ നിമിഷം മുതല്‍ തന്നെ റഷ്യന്‍ പ്രസിഡന്റിന്റെ മുഖത്ത് ഒരു പ്രത്യേക ആത്മവിശ്വാസവും സന്തോഷവും ഉണ്ടായിരുന്നെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍.

ഉക്രൈയ്ന്‍-റഷ്യ യുദ്ധത്തിന്റെ പേരില്‍ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും അമേരിക്കന്‍ മണ്ണില്‍ അദ്ദേഹം അംഗീകരിക്കപ്പെട്ടെന്ന രീതിയിലാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ട്രംപ്-പുടിന്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ നടന്ന ചില കാര്യങ്ങള്‍ ഇതിന് തെളിവായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊലപാതകി എന്ന വിശേഷണം ബൈഡനില്‍ നിന്ന് കേള്‍ക്കേണ്ടി വന്ന പുടിനെ ഒരു രാജാവായി ട്രംപ് സ്വാഗതം ചെയ്തിരിക്കുന്നുവെന്നാണ് യു.എസ് മാധ്യമങ്ങള്‍ എഴുതിയത്.

ആറ് മാസം മുമ്പ് ഓവല്‍ ഓഫീസില്‍ സെലെന്‍സ്‌കിക്ക് ട്രംപ് നല്‍കിയത് അപമാനകരമായ സ്വീകരണമായിരുന്നെന്നും എന്നാല്‍ പുടിനെ രാജാവിനെപ്പോലെ സ്വീകരിച്ചെന്നും ഉക്രേനിയന്‍ മാധ്യമങ്ങളിലും എഡിറ്റോറിയലുകള്‍ വന്നു.

അലാസ്‌ക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ‘ട്രംപ് തോറ്റില്ല, പക്ഷേ പുടിന്‍ തീര്‍ച്ചയായും വിജയിച്ചു,’ എന്നായിരുന്നു ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡറും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ജോണ്‍ ബോള്‍ട്ടണ്‍ സി.എന്‍.എന്നിനോട് പ്രതികരിച്ചത്.

‘ട്രംപ് നേതാക്കളുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയതല്ലാതെ മറ്റൊന്നും നേടിയില്ല. എന്നാല്‍ രാജ്യങ്ങളുമായി ബന്ധം പുനസ്ഥാപിക്കുന്നതില്‍ പുടിന്‍ ഒരുപാട് ദൂരം സഞ്ചരിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു, അതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിച്ചിരുന്നു.

ഉപരോധങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു, വെടിനിര്‍ത്തലിന് സമ്മതിച്ചിട്ടുമില്ല. അടുത്ത കൂടിക്കാഴ്ച എന്നാണെന്ന് നിശ്ചയിച്ചിട്ടില്ല, ഉക്രേനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയെ ഈ പത്രസമ്മേളനത്തിന് മുമ്പ് ഇതൊന്നും അറിയിച്ചിരുന്നില്ല. എല്ലാം അവസാനിച്ചുവെന്നല്ല, പക്ഷേ പുടിന്‍ ആഗ്രഹിച്ചതില്‍ ഭൂരിഭാഗവും നേടിയെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

എന്നാല്‍ ട്രംപ് വളരെ കുറച്ച് മാത്രമേ നേടിയിട്ടുള്ളൂ എന്നും ഞാന്‍ പറയും. ഒരു കാര്യം കൂടി പറയാം. ട്രംപ് അവിടെ വളരെ ക്ഷീണിതനായി കാണപ്പെട്ടു, നിരാശനെന്നല്ല ക്ഷീണിതനാണ്. അതിന്റെ അര്‍ത്ഥത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.’ അദ്ദേഹം പറഞ്ഞു.

അതേസമയം കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട പുടിന്‍ റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ മൂലകാരണത്തെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്. അത് പരിഹരിച്ചാല്‍ മാത്രമേ ശാശ്വത സമാധാനം കൈവരികയുള്ളൂവെന്നും പുടിന്‍ പറഞ്ഞു.

ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതുായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറോളം നീണ്ട സ്വകാര്യ ചര്‍ച്ചയാണ് ട്രംപും പുടിനും നടത്തിയത്.

ഉച്ചകോടി എന്ന് വിശേഷിപ്പിക്കപ്പെട്ട യോഗത്തില്‍ രണ്ട് റൗണ്ട് ചര്‍ച്ചകള്‍ ഉണ്ടാകുമെന്നായിരുന്നു കരുതിയിരുന്നെങ്കിലും ആദ്യ റൗണ്ട് ചര്‍ച്ചയ്ക്ക് ശേഷം തന്നെ അവസാനിച്ചു.

ഇതിന് പിന്നാലെയാണ് സംയുക്ത വാര്‍ത്താ സമ്മേളനം നടന്നത്. എന്നാല്‍ വെറും 12 മിനിറ്റ് നീണ്ടുനിന്ന രണ്ട് ഹ്രസ്വ പ്രസ്താവനകള്‍ മാത്രമാണ് ഇരുനേതാക്കളും നടത്തിയത്. ഇതില്‍ എട്ട് മിനുട്ട് നേരം പുടിന്‍ സംസാരിച്ചു. പതിവില്‍ നിന്ന് വിപരീതമായി മാധ്യമങ്ങളോട് ആദ്യം സംസാരിച്ചതും പുടിനായിരുന്നു.

പരിപാടിയില്‍ പുടിന്‍ ആദ്യം സംസാരിച്ചത് ‘ശരിക്കും അതിശയിപ്പിച്ചെന്നാണ് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

ജോ ബൈഡന് പകരം താനായിരുന്നു പ്രസിഡന്റെങ്കില്‍ ഉക്രെയ്‌നില്‍ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു എന്ന് ട്രംപ് പറഞ്ഞതിനെ പരസ്യമായി പുടിന്‍ അംഗീകരിക്കുകയും ചെയ്തു.

‘ഇന്ന് ട്രംപ് പറഞ്ഞത് താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ യുദ്ധം ഉണ്ടാകില്ലായിരുന്നു എന്നാണ്, അത് തീര്‍ച്ചയായും അങ്ങനെ തന്നെ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഞാനും അത് സ്ഥിരീകരിക്കുന്നു,’ പുടിന്‍ പറഞ്ഞു.

പുടിനുമായുള്ള ചര്‍ച്ചയില്‍ ‘വലിയ പുരോഗതി’ ഉണ്ടായതായി അവകാശപ്പെട്ട ഡൊണാള്‍ഡ് ട്രംപ് , എന്നാല്‍ ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ ഒരു കരാറിലും എത്തിയിട്ടില്ലെന്ന് സ്ഥീരികരിച്ചിട്ടുണ്ട്. ഇനി ഇത് ‘പൂര്‍ത്തിയാക്കേണ്ടത്’ വോളോഡിമര്‍ സെലെന്‍സ്‌കിയാണ് എന്നും ട്രംപ് പറഞ്ഞു.

‘ഞങ്ങള്‍ വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ച നടത്തി, നിരവധി കാര്യങ്ങള്‍ അംഗീകരിച്ചു, ഇനി വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ചിലത് അത്ര പ്രധാനമല്ല. ഏറ്റവും പ്രധാനപ്പെട്ടത് ഒന്നാണ്. അവിടെ എത്താന്‍ ഞങ്ങള്‍ വളരെയേറെ സാധ്യത കാണുന്നുണ്ട്. ‘ഒരു കരാര്‍ ഉണ്ടാകുന്നതുവരെ ഒരു കരാറുമില്ല.’ ട്രംപ് പറഞ്ഞു.

ഒരു ദ്വിഭാഷിയുടെ സഹായത്തോടെ സംസാരിച്ച പുടിന്‍, ഉക്രെയ്നിലെ ട്രംപിന്റെ ശ്രമങ്ങള്‍ വിലപ്പെട്ടതാണെന്നും ട്രംപുമായി ഒരു ധാരണയില്‍ എത്തിയെന്നും പറഞ്ഞു.

ഉക്രെയ്നിന്റെ സുരക്ഷ ഉറപ്പാക്കണമെന്നത് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ സംഘര്‍ഷത്തിന്റെ ‘മൂലകാരണങ്ങള്‍’ പരിഹരിക്കപ്പെടണമെന്നാണ് ആവശ്യപ്പെടുന്നത്,’ പുടിന്‍ പറഞ്ഞു.

അതേസമയം അടുത്ത കൂടിക്കാഴ്ച മോസ്‌കോയില്‍ നടക്കണമെന്ന് പുടിന്‍ നിര്‍ദ്ദേശിച്ചതായും സൂചനകളുണ്ട്. പതിവില്‍ നിന്ന് വിപരീതമായി ഡസണ്‍ കണക്കിന് റിപ്പോര്‍ട്ടര്‍മാര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പല ചോദ്യത്തിനും ട്രംപോ പുടിനോ മറുപടി നല്‍കിയില്ല. നിങ്ങള്‍ സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തുമോ?’ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ പുടിന് നേരെ വന്നെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല.

എന്നാല്‍ ഫോക്‌സ് ന്യൂസ് നെറ്റ്വര്‍ക്കിലെ അവതാരകനായ ഷോണ്‍ ഹാനിറ്റിയുമായുള്ള അഭിമുഖത്തില്‍, പന്ത് ഉക്രെയ്നിന്റെ കോര്‍ട്ടിലാണെന്ന് പറഞ്ഞ ട്രംപ് ഇനി അത് പൂര്‍ത്തിയാക്കേണ്ടത് പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളും അങ്ങനെ തന്നെ പറയും. അവര്‍ ഇടപെടണം,’ ട്രംപ് പറഞ്ഞു.

സെലെന്‍സ്‌കിയും പുടിനും ഞാനും തമ്മില്‍ ഒരു കൂടിക്കാഴ്ച നടത്താന്‍ പോകുകയാണ്. ഞാന്‍ അതിനെക്കുറിച്ച് ചോദിച്ചില്ല. ഞാന്‍ അവിടെ ഉണ്ടാകണമെന്നില്ല, പക്ഷേ അത് നടക്കുമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ട്രംപ് പറഞ്ഞു.

Content Highlight: No deal, and no answer but putin wins the race

We use cookies to give you the best possible experience. Learn more