ടെഹ്‌റാന്‍: ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ ക്ഷമ നശിച്ച് കൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയ ട്രംപ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിയെ നിലവില്‍ കൊല്ലാന്‍ ഉദ്ദേശമില്ലെന്നും പറഞ്ഞു.
സുപ്രീം ലീഡര്‍ എന്ന് വിളിക്കുന്ന ഇറാന്റെ നേതാവ് എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് കൃത്യമായി തന്നെ അറിയാമെന്നും അദ്ദേഹത്തെ ഇപ്പോള്‍ കൊല്ലാന്‍ പോകുന്നില്ലെന്നും ക്ഷമ നശിച്ച് കൊണ്ടിരിക്കുകയാണെന്നും ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
ഇറാന്‍ ഉപാധികളില്ലാതെ കീഴടങ്ങണമെന്ന് ഉദ്ദേശിച്ച് ഉപാധികളില്ലാതെ കീഴടങ്ങല്‍ എന്ന് ഉദ്ധരിക്കുന്ന ഒരു പോസ്റ്റും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. ഇതിന് മുമ്പ് ട്രംപ് ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ഇന്ന് പുലര്‍ച്ചയെയും ഇറാനും ഇസ്രഈലും തമ്മിലുള്ള ആക്രമണം തുടരുന്നതായാണ് വിവരം. ഇസ്രഈലിന് നേരെ 10 ബാലിസ്റ്റിക് മിസൈലുകള് ഇറാന്‍ തൊടുത്തുവിട്ടുവെന്നും മിക്കതും തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞുവെന്നും ഇസ്രഈല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ടെഹ്‌റാനിലും കരാജ് നഗരത്തിലും സ്‌ഫോടനമുണ്ടായതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ വേണ്ടത് വെടിനിര്‍ത്തല്‍ കരാര്‍ അല്ലെന്നും ശാശ്വതമായ പരിഹാരമാണെന്നും ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇസ്രഈലിന്റെ സൈനിക നടപടികള്‍ക്കുള്ള ശക്തമായ പിന്തുണ ആവര്‍ത്തിച്ച ട്രംപ് ഇറാന്‍ ആണവ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാന്‍ കരാറില്‍ ഒപ്പുവെക്കണമായിരുന്നെന്നും ഇതിന്റെ ഫലമായി ഇറാന്റെ നഗരങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നും ധാരാളം ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും ട്രംപ് പറയുകയുണ്ടായി.
അതേസമയം പശ്ചിമേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ആഹ്വാനം ചെയ്തുകൊണ്ട് സമ്മേളനം പുറപ്പെടുവിച്ച ജി7 ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയില്‍ ഇസ്രഈലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Content Highlight: No current intention to kill Khamenei; Iran must surrender unconditionally: Trump