| Saturday, 15th February 2014, 11:45 am

നിയമങ്ങള്‍ ദുസ്സഹമാണെങ്കിലും അവ അനുസരിക്കണം: പുസ്തകം പിന്‍വലിച്ചതിനെ ന്യായീകരിച്ച് പെന്‍ഗ്വിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: പ്രമുഖ അമേരിക്കന്‍ ഗവേഷകയായ വെന്‍ഡി ഡോണിഗര്‍ എഴുതിയ “ഹിന്ദുക്കള്‍: ഒരു ബദല്‍ചരിത്രം” എന്ന പുസ്തകം പിന്‍വലിക്കാനുള്ള സാഹചര്യം വിശദീകരിച്ച് പെന്‍ഗ്വിന്‍ ബുക്ക്‌സ് ഇന്ത്യ രംഗത്തെത്തി.

വെന്‍ഡി ഡോണഗറിന്റെ പുസ്തകം വിപണിയില്‍ നിന്നും പിന്‍വലിക്കില്ലായിരുന്നുവെന്നും എന്നാല്‍ നിയമങ്ങളാണ് പല തീരുമാനവും നമ്മളെക്കൊണ്ട് എടുപ്പിക്കുന്നതെന്നും പെന്‍ഗ്വിന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ പീനല്‍ കോഡിലെ ബ്രിട്ടീഷ് വിന്‍ടേജ് സെക്ഷന്‍ 295 എ പ്രകാരം പുസ്തകം വിപണിയിലെത്തിക്കുന്നതിനെ അനുവദിക്കുന്നില്ല.

ഓരോ വ്യക്തികളുടേയും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശത്തെ ഞങ്ങള്‍ നിഷേധിക്കുന്നില്ല. എന്നാല്‍ വിഷയത്തില്‍ കോടതി ഇടപെട്ടാല്‍ അതിന് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാകുള്ളൂ.

നിയമവിരുദ്ധമായതും മതവികാരം വ്രണപ്പെടുത്തുന്നതുമായി വിദേശകൃതികള്‍ ഇന്ത്യന്‍ പ്രസാധകര്‍ വിപണിയിലെത്തിക്കുന്നതിനെ ഇന്ത്യന്‍ പീനല്‍കോഡ് തന്നെ വിലക്കുന്നുണ്ട്.

നിയമങ്ങള്‍ ദുസ്സഹമാണെങ്കിലും അവ അനുസരിക്കാനുള്ള ബാധ്യത ഓരോരുത്തര്‍ക്കുമുണ്ടെന്നും പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സ് അധികൃതര്‍ അഭിപ്രായപ്പെട്ടു.

ദല്‍ഹിയിലെ ശിക്ഷാ ബചാവോ ആന്തോളന്‍ കമ്മിറ്റി എന്ന സംഘടനയാണ് പുസ്തകത്തിനെതിരെ രംഗത്തെത്തിയത്.

തെറ്റുകുറ്റങ്ങള്‍ നിറഞ്ഞതും പക്ഷപാതപരവുമാണ് പുസ്തകമെന്ന് സംഘടന ആരോപിച്ചു. തുടര്‍ന്ന് കോടതിയുടെ പിന്തുണയോടെ നടന്ന മധ്യസ്ഥനീക്കത്തിലാണ് പുസ്തകം പിന്‍വലിക്കാമെന്ന് പെന്‍ഗ്വിന്‍ ബുക്‌സ് അറിയിച്ചത്.

2009ലാണ് “ഹിന്ദുക്കള്‍: ഒരു ബദല്‍ചരിത്രം” ഇവര്‍ പ്രസിദ്ധീകരിച്ചത്. പുസ്തകത്തിനെതിരെ 2011ല്‍ ശിക്ഷാ ബചാവോ ആന്തോളന്‍ കോടതിയെ സമീപിച്ചു.

ഹിന്ദു വിശുദ്ധഗ്രന്ഥങ്ങളെ രതിയുടെ പശ്ചാത്തലത്തിലാണ് പുസ്തകത്തില്‍ അവതരിപ്പിച്ചതെന്ന് അവര്‍ കുറ്റപ്പെടുത്തി. തുടര്‍ന്നാണ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്താന്‍ ഈയിടെ ധാരണയിലെത്തിയത്‌

We use cookies to give you the best possible experience. Learn more