ഭോപ്പാല്‍: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ അടിക്കരുതെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവ്. ഉത്തരവ് ലംഘിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും നിയമനടപടി നേരിടേണ്ടി വരുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ട്രേറ്റിന്റെ ഉത്തരവ് പ്രകാരവും നിര്‍ബന്ധിത വിദ്യാഭ്യാസ നിയമപ്രകാരവും വിദ്യാര്‍ത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നത് നിരോധിച്ചിരിക്കുന്നുവെന്നും പറയുന്നു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ശാരീരിക ശിക്ഷാ സംഭവങ്ങള്‍ കണ്ടെത്തി തടയുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മധ്യപ്രദേശ് ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍, സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക ശിക്ഷ നല്‍കുന്നതിനെ കുറിച്ച് ആശങ്കപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി.
അധ്യാപകര്‍ ഒരു തരത്തിലും വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിക്കരുതെന്നും ശിക്ഷാ നടപടികളിലേക്ക് കടക്കരുതെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇതിനായി സര്‍ക്കാര്‍ സ്‌കൂളുകളിലായും സര്‍ക്കാരിതര സ്‌കൂളുകളിലായാലും അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
നിയമം ലംഘിക്കുന്ന അധ്യാപകര്‍ക്കും സ്‌കൂളിനുമെതിരെ നിയമപരവും അച്ചടക്കപരവുമായ നടപടികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
2009ലെ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷന്‍ 17(1) പ്രകാരം വിദ്യാര്‍ത്ഥികളെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
സെക്ഷന്‍ 17(2) പ്രകാരം, അങ്ങനെ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാവുമെന്നും മാത്രമല്ല, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷന്‍ 323 പ്രകാരം ശാരീരിക ശിക്ഷ നിരോധിച്ചിരിക്കുന്നുവെന്നും ശിക്ഷാര്‍ഹമാണെന്നും പറയുന്നുണ്ട്.
Content Highlight: No corporal punishment of students in schools; Madhya Pradesh Govt