| Wednesday, 11th November 2026, 10:32 pm

ആര്‍.എസ്.എസുമായോ ബി.ജെ.പിയുമായോ തനിക്ക് ബന്ധമില്ല: സോണിയ ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരിച്ച് അണ്ണാ ഹസാരെ

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: 2012ല്‍ അഴിമതി വിരുദ്ധ സമരം ബി.ജെ.പിയും ആര്‍.എസ്.എസും ആസൂത്രണം ചെയ്തതാണെന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അണ്ണാ ഹസാരെ. ബി.ജെ.പിയുമായോ ആര്‍.എസ്.എസുമായോ തനിക്കൊരു ബന്ധവുമില്ലെന്നും തന്റെ മുന്‍ഗണന രാജ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

യു.പി.എ സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതായിരുന്നു സമരത്തിന് പിന്നിലുള്ള ലക്ഷ്യമെന്ന് തന്റെ ഓര്‍മക്കുറിപ്പായ ബിലോങ്ങിങ്- എ ജേണി ഓഫ് ലൗവ് എന്ന പുസ്തകത്തിലൂടെയാണ് സോണിയ ഗാന്ധി പറഞ്ഞത്.

‘ഇത് തെറ്റാണ്. ബി.ജെ.പിയുമായോ ആര്‍.എസ്.എസുമായോ എനിക്ക് യാതൊരു ബന്ധവുമില്ല. അവരുടെ പരിപാടികളിലൊന്നും ഞാന്‍ പങ്കെടുക്കാറില്ല. എന്റെ മുന്‍ഗണന എന്റെ രാജ്യമാണ്,’ അണ്ണാ ഹസാരെ പറഞ്ഞു.

സമരത്തില്‍ പങ്കെടുത്തവര്‍ തന്നെ പിന്നീട് ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു. അണ്ണാ ഹസാരെ സമരം യു.പി.എ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്നും, തുടര്‍ന്ന് 2014ല്‍ സര്‍ക്കാര്‍ ലോക്പാല്‍ നിയമം പാസാക്കിയെന്നും സോണിയ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ബി.ജെ.പി ഈ നിയമത്തെ അവഗണിക്കുകയാണ് ചെയ്തതെന്നും അവര്‍ ആരോപിച്ചിരുന്നു.

താന്‍ ചെയ്യുന്നതെല്ലാം സമൂഹത്തിനും രാജ്യത്തിനും വേണ്ടിയാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പ്രക്ഷോഭം കാരണമാണ് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2014ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് പറയുന്നതിന് എന്താണ് അടിസ്ഥാനമെന്നും ഹസാരെ ചോദിച്ചു.

‘അവര്‍ ഇതുവരെ അണ്ണാ ഹസാരെയെ കണ്ടിട്ടില്ല. ഞാനും അവരെ കണ്ടിട്ടില്ല. പരസ്പരം കണ്ടിട്ടുപോലുമില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു പരാമര്‍ശം നടത്തുന്നത് എത്രത്തോളം ഉചിതമാണ്?’ ഹസാരെ ചോദിച്ചു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തതയില്ലാത്ത രീതിയില്‍ സംസാരിക്കുന്നത് ശരിയല്ലെന്നും അത് ആ വ്യക്തിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന് പേരിട്ട പ്രതിഷേധത്തിന്റെ മുഖമായി ഉയര്‍ന്നുവന്നുവെന്നും പ്രക്ഷോഭത്തിലെ പ്രമുഖരായ ചിലര്‍ പിന്നീട് ഇത് ബി.ജെ.പിയും ആര്‍.എസ്.എസും രഹസ്യമായി സംഘടിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും സോണിയ ഗാന്ധിയുടെ പുസ്തകത്തില്‍ പറയുന്നു.

Content Highlight: ‘No connection with BJP or RSS’: Anna Hazare rejects Sonia Gandhi’s claim on IAC movement.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more