ന്യൂദല്‍ഹി: ലോക്‌സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളി. ബിര്‍ളയെ സ്പീക്കര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം.
ഓം ബിര്‍ള
ശബ്ദ വോട്ടോടെയാണ് പ്രമേയം തള്ളിയത്. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, പ്രതിപക്ഷ അംഗങ്ങള്‍ക്ക് മതിയായ അവസരങ്ങള്‍ നല്‍കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷം അവിശ്വാസം അവതരിപ്പിച്ചത്.
ഇന്നലെ (ചൊവ്വ) പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇന്ന് മറുപടി നല്‍കിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഷായുടെ മറുപടി.
സംസാരിക്കേണ്ട സമയങ്ങളില്‍ രാഹുല്‍ ജര്‍മനിയില്‍ ആയിരിക്കുമെന്നാണ് അമിത് ഷാ ചൂണ്ടിക്കാട്ടിയത്. ബഡ്ജറ്റ് സംബന്ധിച്ച് സഭയില്‍ ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
രാഹുല്‍ ഗാന്ധി
15ാം ലോക്‌സഭയില്‍ രാഹുലിന്റെ ഹാജര്‍നില 41 ശതമാനമാണ്. 16ാം സഭയില്‍ 52 ശതമാനവും 17ാം സഭയില്‍ 57 ശതമാനവുമായിരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ നിങ്ങള്‍ എന്തിനുവേണ്ടിയാണ് പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ സമയം നല്‍കുന്നില്ല എന്ന് പറയുന്നത്? ഇപ്പോള്‍ നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ പോലും രാഹുല്‍ ഗാന്ധി സംസാരിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
പതിനെട്ടാം ലോക്സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി 175 മണിക്കൂറും 55 മിനിറ്റും സംസാരിച്ചു. ഏത് സ്പീക്കറാണ് നിങ്ങളെ തടഞ്ഞതെന്നും അമിത് ഷാ ചോദിച്ചു. പ്രതിപക്ഷം നിയമങ്ങള്‍ പാലിക്കുന്നില്ല. നിയമങ്ങള്‍ പാലിക്കാത്തവരുടെയും അച്ചടക്കം പാലിക്കാത്തവരുടെയും മൈക്കുകള്‍ ഓഫ് ചെയ്യമെന്നും ഷാ പറഞ്ഞു.
ഇതിനുപിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രമേയം ശബ്ദ വോട്ടിനിട്ട് തള്ളുകയായിരുന്നു. പിന്നാലെ സഭ പിരിയുകയും ചെയ്തു. അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
Content Highlight: No-confidence motion against Om Birla rejected; Opposition enters the middle of the House