| Wednesday, 3rd December 2025, 10:50 pm

ഉക്രൈന്‍ പ്രദേശത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല; യു.എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിയില്‍ ചര്‍ച്ച നടത്താന്‍ യു.എസ് ഉദ്യോഗസ്ഥര്‍ റഷ്യയില്‍.

എന്നാല്‍, മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയിലും സമവായം ഉരുത്തിരിഞ്ഞില്ലെന്നാണ് സൂചന.

ഉക്രൈന്‍ പ്രദേശത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായില്ലെന്ന് യു.എസ്-റഷ്യ ചര്‍ച്ചയ്ക്ക് ശേഷം റഷ്യന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

യു.എസ് സമാധാന പദ്ധതിയുടെ ഭാഗമായി യുദ്ധം അവസാനിപ്പിക്കുന്നതിനായി മുന്നോട്ട് വെച്ച നിര്‍ണായക നിര്‍ദേശങ്ങളിലൊന്നാണ് ഉക്രൈന്‍ പ്രദേശത്തിന്റെ നിയന്ത്രണം.

മോസ്‌കോയില്‍ വെച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറുമാണ് ചര്‍ച്ച നടത്തിയത്.

അഞ്ച് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഞങ്ങള്‍ക്ക് വിട്ടുവീഴ്ച സംബന്ധിച്ച് തീരുമാനത്തിലെത്താനായില്ല. എന്നാല്‍, അമേരിക്കയുടെ പരിഹാര നിര്‍ദേശങ്ങള്‍ ചര്‍ച്ചയാക്കാന്‍ സാധിക്കുമെന്ന് റഷ്യന്‍ ഉദ്യേഗസ്ഥന്‍ യൂറി ഉഷാകോവ് പറഞ്ഞു.

ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനെന്ന പേരില്‍ യു.എസ് തയ്യാറാക്കിയ സമാധാന പദ്ധതി റഷ്യയ്ക്ക് അനുകൂലമാണെന്ന നിലപാടിലാണ് ഉക്രൈനും യൂറോപ്യന്‍ രാജ്യങ്ങളും. സമാധാന ശ്രമങ്ങള്‍ക്കായി 28 ഇന പദ്ധതിയാണ് യു.എസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇതിനെ എതിര്‍ത്ത യൂറോപ്യന്‍ രാഷ്ട്രങ്ങളെയും ഇക്രൈനെയും റഷ്യ അപലപിക്കുകയും ചെയ്തിരുന്നു. യൂറോപ്പിനെതിരെ പൊരുതാന്‍ തയ്യാറാണെന്നായിരുന്നു റഷ്യന്‍ പ്രതികരണം.

യൂറോപ് യുദ്ധത്തിന്റെ ഭാഗത്താണ്. അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത് സമാധാന ശ്രമങ്ങളെയെല്ലാം തടയുക, റഷ്യയ്ക്ക് അസ്വീകാര്യമായ ആവശ്യങ്ങള്‍ മുന്നോട്ട് വെയ്ക്കുക എന്നതുമാത്രമാണെന്ന് പുടിന്‍ പറഞ്ഞിരുന്നു.
എന്നാല്‍, യുദ്ധം അവസാനിപ്പിക്കാന്‍ മനസില്ലാത്തത് റഷ്യയ്ക്ക് ആണെന്നും പുടിന്റെ വാക്കുകള്‍ അതാണ് തെളിയിക്കുന്നതെന്നുമായിരുന്നു ഇക്രൈന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹയുടെ പ്രതികരണം.

Content Highlight: No compromise on Ukraine territory; Russia after meeting with US

We use cookies to give you the best possible experience. Learn more