ന്യൂദല്‍ഹി: കലയിലൂടെ ഒരു സമുദായത്തെയും അപമാനിക്കരുതെന്ന് സുപ്രീം കോടതി. പ്രസംഗങ്ങള്‍, മീമുകള്‍, കാര്‍ട്ടൂണുകള്‍ എന്നിവയിലൂടെ ഏതെങ്കിലും ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ഭരണഘടനപരമായി അനുവദനീയമല്ലെന്നും സുപ്രീം കോടതി പറഞ്ഞു.
സര്‍ക്കാരിനും സര്‍ക്കാരിത സംഘടനകള്‍ക്കും ഉള്‍പ്പെടെ ഇത് ബാധകമാണെന്നും കോടതി വ്യക്തമാക്കി. നെറ്റ്ഫ്ലിക്സ് സിനിമയായ ‘ഘൂഷ്ഖോര്‍ പണ്ഡിറ്റ്’ എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ ബി.വി. നഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മന്ത്രിമാര്‍ പോലുള്ള ഉന്നത ഭരണഘടനാ പദവികള്‍ വഹിക്കുന്ന പൊതുപ്രവര്‍ത്തകര്‍ മതം, ജാതി, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു സമൂഹത്തെയും ലക്ഷ്യം വെക്കരുതെന്നും കോടതി പറഞ്ഞു.
ഒരു പ്രത്യേക സമൂഹത്തെ അത്തരത്തില്‍ ലക്ഷ്യം വെക്കുന്നുണ്ടെങ്കില്‍ അത് ഭരണഘടനാ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മിയ മുസ്ലിങ്ങള്‍ക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ നിരന്തരമായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കോടതിയുടെ നിരീക്ഷണം.
മതപരവും ഭാഷാപരവുമായ വൈവിധ്യങ്ങള്‍ക്കപ്പുറം ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ടത് ഓരോ പൗരന്റെയും മൗലിക കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സിനിമയുടെ നിര്‍മാതാക്കള്‍ ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറായ പശ്ചാത്തലത്തില്‍ കേസ് അവസാനിപ്പിക്കുകയാണെന്നും കോടതി വ്യക്തമാക്കി. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ സഹോദര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്ന ഭരണഘടനാ തത്വങ്ങള്‍ പുനസ്ഥാപിക്കേണ്ടതുണ്ടെന്ന് കേസ് അവസാനിപ്പിച്ചുകൊണ്ട് ജസ്റ്റിസ് ഭൂയാന്‍ പറഞ്ഞു.
‘ഘൂഷ്ഖോര്‍ പണ്ഡിറ്റ്’ എന്ന പേരിന്റെ അര്‍ത്ഥം ‘അഴിമതിക്കാരനായ പണ്ഡിറ്റ്’ എന്നാണെന്നും ഹരജിയിലെ വാദത്തിനിടെ കോടതി പറഞ്ഞു.
അതേസമയം ഒരു സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍, പിന്നീട് ചിത്രത്തിന്റെ പ്രദര്‍ശനം സംബന്ധിച്ചുള്ള കോടതി ഇടപെടലുകള്‍ മന്ദഗതിയില്‍ ആയിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങള്‍ക്കും ഭീഷണികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
യുക്തിസഹമായാണ് സിനിമയെ നമ്മള്‍ വീക്ഷിക്കേണ്ടത്. മറിച്ച് സെന്‍സിറ്റീവ് ആയ ഒരു വ്യക്തിയുടെ കണ്ണിലൂടെയല്ലെന്നും കോടതി പറഞ്ഞു.
സിനിമകളും ആക്ഷേപഹാസ്യങ്ങളും അടങ്ങുന്ന കലാപരമായ ആവിഷ്‌കാരങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ചില ഗ്രൂപ്പുകള്‍ അതിനെ എതിര്‍ക്കുന്നുവെന്ന കാരണത്താല്‍ കലയെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും ജസ്റ്റിസ് ഭൂയാന്‍ നിരീക്ഷിച്ചു.
Content Highlight: No community should be insulted through art: Supreme Court
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ