| Wednesday, 27th May 2026, 6:48 pm

400 കോടി കളക്ഷന്‍ കിട്ടിയ പടം സാര്‍... രണ്ട് കൊല്ലമായിട്ടും ഒറ്റ ചാനല്‍ പോലും ഏറ്റെടുക്കാതെ തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍

അമര്‍നാഥ് എം.

സൂപ്പര്‍താരങ്ങളുടെ ബിഗ് ബജറ്റ് സിനിമകള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്നത് സാധാരണമാണ്. ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാതെ പോകുമ്പോള്‍ ചില സിനിമകള്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ കളംവിടാറുണ്ട്. എന്നാല്‍ സിനിമയുടെ മേക്കിങ്ങും ബിസിനസും വലുതാകുമ്പോള്‍ റിലീസിന് മുമ്പ് തന്നെ ബജറ്റ് തിരിച്ചുപിടിക്കാന്‍ ഇത്തരം സിനിമകള്‍ക്ക് സാധിക്കാറുണ്ട്.

ദേവര Photo: Theatrical poster

എന്നാല്‍ ചുരുക്കം സിനിമകള്‍ മാത്രമാണ് തിയേറ്ററില്‍ ഹിറ്റായിട്ടും ഒ.ടി.ടിയിലും ചാനലിലും എത്താത്തത്. അത്തരത്തിലൊരു സിനിമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായ ദേവരയാണ് ഇതുവരെ ചാനലിലെത്താത്ത ചിത്രം. 2024ല്‍ പുറത്തിറങ്ങിയ ചിത്രം ഇതുവരെ ചാനലില്‍ ടെലികാസ്റ്റ് ചെയ്തിട്ടില്ല.

റിലീസ് ചെയ്ത് രണ്ട് വര്‍ഷമായിട്ടും ഇതുവരെ ഒരു ചാനലും ദേവരയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍ ഗ്രൂപ്പ് ഹിന്ദി വേര്‍ഷന്റെ റൈറ്റ്‌സ് മാത്രമാണ് സ്വന്തമാക്കിയതെന്നും സ്റ്റാര്‍ ഗോള്‍ഡില്‍ ദേവരയുടെ ഹിന്ദി പതിപ്പ് ടെലികാസ്റ്റ് ചെയ്തതെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ദേവര Photo: Screen grab/ T Series Malayalam

കഴിഞ്ഞദിവസം ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് ഇ.ടി.വി തെലുഗു സ്വന്തമാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് പിന്നീട് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒ.ടി.ടി യുഗത്തില്‍ ഒരു സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് വിറ്റുപോകാത്തത് വലിയ സംഭവമല്ല എന്നാണ് എന്‍.ടി.ആര്‍ ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ബോക്‌സ് ഓഫീസില്‍ നിന്ന് 400 കോടിയിലേറെ നേടിയ ചിത്രമാണ് ദേവര. എന്‍.ടി.ആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ആര്‍.ആര്‍.ആറിന് ശേഷം താരക് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം കൂടിയായിരുന്നു ദേവര. രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ദേവര അവസാനിച്ചത്.

ദേവര Photo: Screen grab/ T Series Malayalam

300 കോടി ബജറ്റിലൊരുങ്ങിയ ചിത്രം 400 കോടി നേടിയത് നിര്‍മാതാക്കള്‍ക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമല്ല. രണ്ട് വര്‍ഷത്തോളം നീണ്ടുന്ന ഷൂട്ടിനൊടുവിലാണ് ദേവര തിയേറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന് അടുത്തിടെ ഔദ്യോഗികമായി അറിയിച്ചതും വലിയ വാര്‍ത്തയായിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഡ്രാഗണിന്റെ തിരക്കിലാണ് നിലവില്‍ ജൂനിയര്‍ എന്‍.ടി.ആര്‍.

Content Highlight: No channels brought the Satellite rights of Devara movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more