മലയാള സിനിമയിലെ കഥാപാത്രങ്ങളെ വേറിട്ട രീതിയില്‍ സമീപിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. അഭിനയത്തിന് പുറമെ ജീവിതത്തിലെ ചെറിയ കാര്യങ്ങളെയും വളരെ കൗതുകത്തോടെ നിരീക്ഷിക്കുന്ന സ്വഭാവവും ഫഹദിന്റെ സംസാരങ്ങളില്‍ പലപ്പോഴും പ്രകടമാകാറുണ്ട്.
യാത്രകളോടും ഡ്രൈവിങ്ങിനോടുമുള്ള ഇഷ്ടത്തെക്കുറിച്ചും, വിരമിച്ചതിന് ശേഷം ബാര്‍സലോണയില്‍ ഊബര്‍ ഡ്രൈവറായി പോകണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ചുമൊക്കെ മുന്‍പും ഫഹദ് സംസാരിച്ചിട്ടുണ്ട്. ബാര്‍സലോണ തനിക്കും നസ്രിയയ്ക്കും ഏറെ ഇഷ്ടമുള്ള സ്ഥലമാണെന്നും ആ സ്വപ്നത്തിന് ഇപ്പോഴും മാറ്റമില്ലെന്നും ഫഹദ് പറയുന്നു.
‘ബാര്‍സലോണ എനിക്കും നസ്രിയ്ക്കും ഭയങ്കര ഇഷ്ടമുള്ള സ്ഥലമാണ്. എനിക്ക് ഡ്രൈവിങ് ഭയങ്കര ഇഷ്ടമാണ്. ആളുകളെ അവര്‍ക്ക് വേണ്ടിടത്ത് എത്തിക്കുക എന്ന ഒരു പ്രോസസില്ലേ. വേറൊരാളെ ഡെസ്റ്റിനേഷനില്‍ എത്തിക്കുക എന്നൊരു സംഗതിയുണ്ടല്ലോ. എനിക്ക് അതിഷ്ടമാണ്.
ഞാന്‍ പുറത്തുപോകുമ്പോഴാണ് പലപ്പോഴും ഊബര്‍ എടുത്ത് പോകുക. ഈ ഊബര്‍ ഡ്രൈവര്‍മാരെ ഞാന്‍ അങ്ങനെ ശ്രദ്ധിക്കാറുണ്ട്. അവര്‍ കാര്‍ ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അടുത്ത ട്രിപ്പിന്റെ കാര്യങ്ങള്‍ ഫോണില്‍ നോക്കും. എവിടെ നിന്നാണ് അടുത്ത പിക്കപ്പ് എന്നൊക്കെ നോക്കുന്നത് ശ്രദ്ധിക്കാറുണ്ട്. കേരളത്തില്‍ ഞാന്‍ ഊബറില്‍ പോയിട്ടില്ല. ബെംഗളൂരുവില്‍ പോയിട്ടുണ്ട്,’ ഫഹദ് പറഞ്ഞു.
ചുറ്റുമുള്ള ആളുകളെ നിരീക്ഷിക്കുന്നത് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ സഹായിക്കാറുണ്ടോ എന്ന ചോദ്യത്തിനും ഫഹദ് മറുപടി നല്‍കി. താന്‍ കാണുന്ന ഒരാളെ അതേപടി സ്‌ക്രീനില്‍ കൊണ്ടുവരാന്‍ ശ്രമിക്കാറില്ലെന്നും എന്നാല്‍ ചിലരുടെ പ്രത്യേക ചലനങ്ങളോ ജസ്റ്ററുകളോ കഥാപാത്രങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ടെന്നും ഫഹദ് പറയുന്നു.
‘വിസിബിളായി കണ്ട ഒരാളെ സ്‌ക്രീനില്‍ കൊണ്ടുവരാനൊന്നും ഞാന്‍ നോക്കിയിട്ടില്ല. എന്നാല്‍ ചില ആള്‍ക്കാരുടെ ചില ജസ്റ്റേഴ്സ് ഏതെങ്കിലുമൊരു സീനിലൊക്കെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.
‘ഇന്ത്യന്‍ പ്രണയകഥ’യില്‍ ഓടുമ്പോള്‍ പോക്കറ്റില്‍ കൈ വെക്കുന്ന രീതിയുണ്ടല്ലോ. അത് പണ്ട് വാപ്പയുടെ ഫ്രണ്ട്സൊക്കെ പറഞ്ഞ് കേട്ടിട്ടുള്ള കാര്യമാണ്. അവര്‍ കോളേജില്‍ പഠിക്കുമ്പോള്‍ സമരമുണ്ടെങ്കില്‍ വാപ്പ ഓടുന്നത് കാണാമായിരുന്നത്രേ.
വേണുചേട്ടനോ മറ്റോ ആണ് പറഞ്ഞത്. ഓടുമ്പോള്‍ ബസ് കൂലി പോക്കറ്റിലുണ്ടല്ലോ. അത് പറന്നുപോകാതിരിക്കാന്‍ കൈ വെക്കുന്നതാണ്. അത് ആരും പറഞ്ഞുതന്നതൊന്നുമല്ല, ഞാന്‍ അങ്ങനെ ചെയ്തതാണ്. ചെയ്തപ്പോള്‍ സത്യേട്ടനും അത് ഇഷ്ടമായി,’ ഫഹദ് പറഞ്ഞു.
യാത്രകള്‍ മുന്‍കൂട്ടി കൃത്യമായി പ്ലാന്‍ ചെയ്ത് പോകുന്നതിനോട് തനിക്ക് വലിയ താല്‍പര്യമില്ലെന്നും ഫഹദ് പറയുന്നു. അഞ്ച് ദിവസം ഇവിടെ, നാല് ദിവസം അവിടെ എന്നിങ്ങനെ ദിവസങ്ങള്‍ കൃത്യമായി നിശ്ചയിച്ചുള്ള യാത്രകള്‍ തനിക്ക് ശ്വാസംമുട്ടിക്കുന്ന അനുഭവമാണെന്നും താരം വ്യക്തമാക്കി.
‘പ്ലാന്‍ ചെയ്യാതെയാണ് ഞാന്‍ യാത്രകള്‍ പോകാറുള്ളത്. അഞ്ച് ദിവസം ഇവിടെ, നാല് ദിവസം അവിടെ എന്നൊക്കെ പറഞ്ഞ് പ്ലാന്‍ ചെയ്ത് പോകുമ്പോള്‍ എനിക്ക് ശ്വാസം മുട്ടും. ഒരു തവണ മാത്രമാണ് അങ്ങനെ ചെയ്തത്. അതോടെ ഇനി ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചു,’ ഫഹദ് ഫാസില്‍ പറഞ്ഞു.
Content Highlight: No change in my plan to move to Barcelona and become an Uber driver after retirement: Fahadh Faasil