| Monday, 3rd March 2025, 10:57 am

നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണമില്ല. ഭാര്യ മഞ്ജുഷയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളി. ജസ്റ്റിസ് പി. ബി സുരേഷ് കുമാറടങ്ങിയ ബെഞ്ചാണ് ഭാര്യ മഞ്ജുഷയുടെ അപ്പീൽ തള്ളിയിരിക്കുന്നത്. നേരത്തെ സി.ബി.ഐ അന്വേഷണം വേണ്ടായെന്ന നിലപാട് തന്നെയായിരുന്നു സിംഗിൾ ബെഞ്ചും സ്വീകരിച്ചിരുന്നത്.

ഇതിനെതിരെയായിരുന്നു നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം.

സി.പി.എം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി.പി. ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹരജിയിലെ ആക്ഷേപം.

നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐയും കോടതിയെ അറിയിച്ചിരുന്നു.

അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമേ സി.ബി.ഐ അന്വേഷണം ആവശ്യമുള്ളൂവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉന്നത ഉദ്യോഗസ്ഥന് മേൽനോട്ട ചുമതല നൽകിയാൽ മതിയോ എന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താൻ മതിയായ തെളിവ് വേണമെന്നും വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Content Highlight: No CBI probe into M Naveen Babu’s death; The High Court division bench also rejected the appeal of his wife Manjusha

We use cookies to give you the best possible experience. Learn more