| Thursday, 17th April 2025, 3:12 pm

നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; പങ്കാളി മഞ്ജുഷയുടെ ഹരജി തള്ളി സുപ്രീം കോടതിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. നവീന്‍ ബാബുവിന്റെ പങ്കാളി മഞ്ജുഷ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് കാണിച്ചായിരുന്നു പങ്കാളിയുടെ ഹരജി.

നേരത്തെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മഞ്ജുഷയുടെ ഹരജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എല്ലാ കേസുകളും സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്നാണ് സുപ്രീം കോടതി വിധി.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. സി.പി.ഐ.എം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹരജിയിലെ ആക്ഷേപം.

നവീന്‍ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. നിര്‍ദേശം ലഭിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് സി.ബി.ഐയും കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

ഹരജിയില്‍, അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമേ സി.ബി.ഐ അന്വേഷണം ആവശ്യമുള്ളൂ എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല നല്‍കിയാല്‍ മതിയോ എന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചിരുന്നു.

പിന്നീട് അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടുത്താന്‍ മതിയായ തെളിവ് വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയും ഹരജി തള്ളിയത്.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നവീനെതിരെ കൈക്കൂലിയടക്കം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ചെങ്ങളായിയിലുള്ള ഒരു വ്യക്തി പെട്രോള്‍ പമ്പിനുള്ള എന്‍.ഒ.സിക്ക് വേണ്ടി പല തവണ എ.ഡി.എമ്മിനെ ബന്ധപ്പെട്ടിരുന്നെന്നും താന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ അതിനായി അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു പി.പി. ദിവ്യ പറഞ്ഞത്.

ഒരുപാട് നടത്തിച്ചതിന് ശേഷമാണ് ആ വ്യക്തിക്ക് പെട്രോള്‍ പമ്പിനുള്ള എന്‍.ഒ.സി നല്‍കിയതെന്നും അത് എങ്ങനെയാണ് നല്‍കിയതെന്ന് തനിക്കറിയാമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പിന്നാലെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ദിവ്യയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. ബി.എന്‍.എസിലെ 108(ബി) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. നിലവില്‍ പി.പി. ദിവ്യ ജാമ്യത്തിലാണ്.

Content Highlight: No CBI investigation into Naveen Babu’s death; Supreme Court rejects partner Manjusha’s plea

We use cookies to give you the best possible experience. Learn more