| Tuesday, 3rd March 2026, 12:32 pm

ആരോഗ്യമന്ത്രിയെ ആക്രമിച്ച കേസ്; കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല

രാഗേന്ദു. പി.ആര്‍

കണ്ണൂര്‍: സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ച കേസില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

മന്ത്രിക്ക് നേരെയുണ്ടായത് വെറും കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നുവെന്നും വധശ്രമത്തിന് കേസെടുക്കാന്‍ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു.

ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടി മൊഴി രേഖപ്പെടുത്താത്ത മന്ത്രി ചാനലുകളില്‍ സംസാരിക്കുന്നുണ്ടെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

നിലവില്‍ പ്രതികളെ ഈ മാസം അഞ്ചിന് ഹാജരാക്കണമെന്നാണ് കോടതിയുടെ നിർദേശം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റത്തിന് പിന്നാലെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.

വധശ്രമം അടക്കമുള്ള 11 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എം.സി. അതുല്‍, സി.എച്ച്. മുബാസ്, മുഹമ്മദ് യാസീന്‍, അക്ഷയ് മാട്ടൂല്‍, ബിഥുല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരിക്കേറ്റിരുന്നത്.

ഫെബ്രുവരി 25ന് മൂന്നരയോടെയാണ് മന്ത്രിക്കെതിരായ പ്രതിഷേധം നടന്നത്. രാത്രിയോടെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ കെ.എസ്.യു പ്രവര്‍ത്തകരെ റിമാന്‍ഡില്‍ വിടുകയായിരുന്നു. 26നാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

പരിക്കേറ്റത്തിന് പിന്നാലെ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരുന്നു. മന്ത്രിയുടെ കഴുത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിന്‍.

Content Highlight: No bail for KSU activists in Veena George attack case

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more