റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളില്‍ അതിക്രമിച്ചുകയറി ക്രിസ്മസ് അലങ്കാരങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിച്ചു. റായ്പൂര്‍ കോടതിയുടേതാണ് നടപടി. ശനിയാഴ്ച മജിസ്ട്രേറ്റ് കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഡിസംബര്‍ 24നാണ് 50ലധികം വരുന്ന ഹിന്ദുത്വവാദികള്‍ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് അലങ്കരിച്ച മാളിനകത്തേക്ക് അതിക്രമിച്ചു കയറിയത്. റായ്പൂരിലെ മാഗ്‌നെറ്റോ മാളിലായിരുന്നു അക്രമം. സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായിരുന്നു.
ബി.എന്‍.എസിലെ അതിക്രമിച്ചു കടക്കല്‍, മനപൂര്‍വം സ്വത്തിന് നാശനഷ്ടം വരുത്തല്‍, പരിക്കേല്‍പ്പിക്കല്‍, കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തെളിബന്ധ പൊലീസിന്റേതായിരുന്നു നടപടി.
വടികളും ആയുധങ്ങളുമായാണ് പ്രതികള്‍ മാളിലേക്ക് അതിക്രമിച്ചു കയറിയത്. ശേഷം മാളിനുള്ളില്‍ സജ്ജീകരിച്ചിരുന്ന പോസ്റ്ററുകളും ക്രിസ്മസ് ട്രീയും മറ്റു അലങ്കാരങ്ങളും ഇവര്‍ തല്ലി തകര്‍ക്കുകയായിരുന്നു.
ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലുണ്ടായ ശവസംസ്‌കാരത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാനത്തെ ഹിന്ദുത്വ സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത ദിവസമായിരുന്നു സംഭവം.
മാൾ നിർബന്ധിതമായി അടപ്പിക്കാനാണ് പ്രതികള്‍ സ്ഥലത്തെത്തിയത്. എന്നാല്‍ ഇത്തരമൊരു പെരുമാറ്റം ആദ്യമായാണെന്ന് മാളിലെ ജീവനക്കാര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
‘കഴിഞ്ഞ 16 വര്‍ഷമായി ഞങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ബന്ദ് ആഹ്വാനങ്ങളെയും പിന്തുണക്കാറുമുണ്ട്. എന്നാല്‍ ഇങ്ങനെയൊരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല,’ മാളിലെ ജീവനക്കാരനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: No bail for Hindutva activists who broke into a mall and destroyed Christmas decorations in Raipur