| Wednesday, 7th January 2026, 12:04 pm

ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ എ. പത്മകുമാറിന് ജാമ്യമില്ല

നിഷാന. വി.വി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം നിഷേധിച്ച് കൊല്ലം വിജിലന്‍സ് കോടതി.

ദ്വാര പാലക ശില്പങ്ങളിലെ സ്വര്‍ണ കവര്‍ച്ചാ കേസിലാണ് ജാമ്യ ഹരജി തള്ളിയിരിക്കുന്നത്.

പ്രസിഡന്റ് എന്ന രീതിയില്‍ ഒപ്പ് വെക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്കുള്ള അതേ ഉത്തരവാദിത്തം മാത്രമാണ് തനിക്കുള്ളതെന്നുമായിരുന്നു പത്മകുമാറിന്റെ വാദം.

ഈ വാദത്തെ വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ സ്വര്‍ണ പാളിയാണെന്ന് മുന്‍ ധാരണ ഉണ്ടായിരിക്കെ ചെമ്പെന്ന് മാത്രം രേഖപ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന് ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

എസ്.ഐ.ടി പത്മകുമാറിന്റെ പങ്ക് തെളിയിക്കുന്ന തരത്തിലുളള രേഖകള്‍ നേരത്തെ തന്നെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കട്ടിളപ്പാളി കേസില്‍ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

കഴിഞ്ഞ ദിവസം എസ്.ഐ.ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പത്മകുമാറിനെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടായിരുന്നു. ശബരിമലയിലെ കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന് കൃത്യമായ അറിവുണ്ടായിരുന്നിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാര്‍ ബോര്‍ഡ് നോട്ട് തിരുത്തിയെന്നാണ് എസ്.ഐ.ടി ഹൈക്കോടതിയില്‍ അറിയിച്ചത്.

സ്വര്‍ണം പൊതിഞ്ഞ ചെമ്പ് പാളികള്‍ എന്ന് എഴുതുന്നതിന് പകരം ചെമ്പ് പാളികള്‍ എന്ന് മാത്രം എഴുതി. പുറത്ത് കൊണ്ട് പോവുന്നതിന് സ്വന്തം കൈപ്പടിയില്‍ ‘അനുവദിക്കുന്നു’ എന്നും എഴുതി. മനപൂര്‍വ്വം വ്യാജ വിവരങ്ങള്‍ എഴുതി ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ക്രമക്കേടുകള്‍ കാണിച്ച് സ്വര്‍ണക്കൊള്ളയ്ക്ക് വഴിവെച്ചു എന്നും എസ്.ഐ.ടിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്ത്രിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: No bail for A. Padmakumar in Sabarimala gold smuggling case

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more