| Thursday, 16th May 2013, 1:32 pm

ഫേസ്ബുക്ക് അറസ്റ്റ്: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരില്‍ അറസ്റ്റ് ചെയ്യുന്നതിന് സുപ്രീം കോടതിയുടെ നിയന്ത്രണം. ഫേസ്ബുക്കില്‍ ആക്ഷേപകരമായ പോസ്റ്റുകളും കമ്മന്റുകളും ഇടുന്നവരെ അറസ്റ്റ് ചെയ്യുന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയായിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.[]

ഐ.ടി ആക്ടിലെ 66 ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുന്നത് പോലീസ് മേധവികളുടെ അനുമതിയോടെയാവണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കണമെന്നും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ മനുഷ്യാവകാശ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഹരജി പരിഗണിക്കവേയാണ് കോടതി നിര്‍ദേശം. ആന്ധ്രാപ്രദേശിലെ  കോണ്‍ഗ്രസ് നേതാവിനെതിരെ ഫേസ്ബുക്കില്‍ കമ്മന്റിട്ടതിനായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തത്.

ശ്രേയ ഷിംഗാളാണ് ഇതിനെതിരെ പരാതി നല്‍കിയത്. ഐ.ടി നിയമത്തിലെ 66 ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തമിഴ്‌നാട് ഗവര്‍ണറുമായ കെ. റോസയ്യ,  കോണ്‍ഗ്രസ് എംഎല്‍എ കൃഷ്ണമോഹന്‍ എന്നിവര്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ കമന്റ് പോസ്റ്റ് ചെയ്ത പി.യു.സിഎല്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി ജയ വിന്ധ്യാലയെയാണ് അറസ്റ്റ് ചെയ്തത്.

ചിരല എംഎല്‍എ കൃഷ്ണമോഹന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ജയ വിന്ധ്യാല ഫെയ്‌സ്ബുക്കില്‍ തന്നെ ശിശുപീഡകന്‍ എന്നു വിശേഷിപ്പിച്ചതായും മുന്‍ മുഖ്യമന്ത്രി റോസയ്യയുമായി യോജിച്ച് ഭൂമാഫിയാ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും കമന്റ് പോസ്റ്റ് ചെയ്‌തെന്നായിരുന്നു പരാതി.

We use cookies to give you the best possible experience. Learn more