ന്യൂയോർക്ക്: ഇറാനുമായി സ്ഥിരമായ കരാറിൽ ഏർപ്പെടാനാണ് ഉദ്ദേശമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഭാവിയിൽ വരുന്ന ഒരു അമേരിക്കൻ പ്രസിഡന്റിനും ആണവായുധം സ്വന്തമാക്കാൻ ഇറാന് അനുമതി നല്കാൻ കഴിയാത്ത വിധത്തിലായിരിക്കണം ഈ കരാറുണ്ടെകേണ്ടതെന്നും ട്രംപ് പറഞ്ഞു.
ഫോക്സ് ന്യൂസിന് ഫോൺ വഴി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. തുടർച്ചയായി ഈ കരാറുകൾ ലംഘിച്ചതിനെത്തുടർന്നാണ് ഇറാനെതിരെ ഇത്തരമൊരു നടപടിയിലേക്ക് നയിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങൾ ഒരു കരാറുണ്ടാക്കും, അടുത്തദിവസം ഇറാൻ അത് ലംഘിക്കും. എന്നാൽ പുതിയ കരാർ വരും വർഷങ്ങളിൽ അമേരിക്കയിൽ ആര് അധികാരത്തിൽ വന്നാലും ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നത് തടയുന്ന തരത്തിലായിരിക്കണം,’ ട്രംപ് പറഞ്ഞു.
നിലവിലെ സംഘർഷത്തെ അതിജീവിച്ച് ഇറാൻ സർക്കാർ നിലനിൽക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ഭരണമാറ്റത്തെ കുറിച്ച് ചിലർ പറയുന്നുണ്ടെന്നും അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം മറുപടി പറഞ്ഞു.
താൻ ഇതിനോടകം രണ്ട് ഭരണകൂടങ്ങളെ പുറത്താക്കിയെന്നും അതിനെ ഒരു വലിയ ഭരണമാറ്റം എന്നുവിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഭരണമാറ്റത്തെക്കുറിച്ച് ചിലർ സംസാരിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണെന്ന് വ്യക്തമാക്കണം. ഇതിനോടകം തന്നെ രണ്ട് ഭരണകൂടങ്ങളെ പുറത്താക്കി കഴിഞ്ഞു. അതിനെ ഒരു വലിയ ഭരണമാറ്റമെന്ന് വിളിക്കാം,’ ട്രംപ് പറഞ്ഞു.
ഒമാനിലെ ദേശീയ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഇറാന്റെ ആവശ്യങ്ങൾ അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
അന്താരാഷ്ട്ര നിയമ പ്രകാരം ഇറാന്റെ ന്യായമായ വ്യവസ്ഥകൾ അമേരിക്ക അംഗീകരിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് അരാഗ്ചി പറഞ്ഞു.
യു.എസ് തങ്ങളുടെ തെറ്റുകൾ അംഗീകരിക്കാതെ നിലവിലെ സാഹചര്യങ്ങൾക്ക് ഒരു പരിഹാരവും കാണാൻ കഴിയില്ലെന്ന് അരാഗ്ചി പറഞ്ഞു. സ്വയം പ്രതിരോധിക്കാനും ചർച്ചകൾ തുടരാനും ഇറാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: No American president should grant authorization for nuclear weapons; Trump suggests a permanent agreement could be reached with Iran.