| Wednesday, 24th June 2026, 10:13 pm

ലെബനനില്‍ നിന്ന് ഇസ്രഈലി സൈന്യം പിന്മാറാന്‍ പോകുന്നില്ലെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി

സിജൊ

ടെല്‍ അവീവ്: തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രഈലി സൈന്യം പിന്മാറാന്‍ പോകുന്നില്ലെന്ന് ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. എന്ത് സാഹചര്യമുണ്ടായാലും ലെബനനില്‍ നിന്ന് ഇസ്രഈല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന് കാറ്റ്‌സ് വ്യക്തമാക്കി.

ഇസ്രഈലി ഡിഫന്‍സ് ഫോഴ്‌സ് ലെബനനില്‍ യുദ്ധത്തിന് സജ്ജമായി നില്‍ക്കുകയാണ്. അവര്‍ അവിടെ നിന്ന് പിന്മാറാന്‍ പോകുന്നില്ലെന്ന് കാറ്റ്‌സ് പറഞ്ഞു. ഇസ്രഈല്‍ ലെബനനില്‍ നിന്ന് പിന്മാറണമെന്ന് ഇപ്പോള്‍ യു.എസിന്റെ ഭാഗത്ത് നിന്ന് ആവശ്യമുയരുന്നില്ലെന്നും കാറ്റ്‌സ് അവകാശപ്പെട്ടു. അത് ഒരു രാഷ്ട്രീയപരമായ ഒരു നേട്ടമാണെന്നും ഇസ്രഈല്‍ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു.

പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷം നിര്‍ത്തിവെക്കുന്നതിനായി ഇറാനും യു.എസും ഒപ്പുവെച്ച ധാരണാ പത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥയാണ് ലെബനന്‍ അടക്കം എല്ലാ പോര്‍മുഖങ്ങളിലെയും യുദ്ധം അവസാനിപ്പിക്കുക എന്നത്. ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നത് സമാധാന കരാറിന്റെ അവിഭാജ്യ ഘടകമാണെന്ന തരത്തിലാണ് ചര്‍ച്ചകള്‍ക്കിടെ ഇറാന്‍ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ വാരം ഇറാനും യു.എസും ധാരണാ പത്രത്തില്‍ ഒപ്പുവച്ചെങ്കിലും ലെബനനില്‍ ഇസ്രഈലിന്റെ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. ഇതിന് പിറകെ ഇറാന്റെ സഹായത്തോടെ യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രഈലും ലബനനിലെ ഹിസ്ബുല്ലയും വെടിനിര്‍ത്തല്‍ കരാരില്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കരാര്‍ നിലവില്‍ വന്ന ശേഷവും ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടരുകയായിരുന്നു.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി കാറ്റ്‌സും അടക്കമുള്ളവര്‍ ലബനനില്‍ ആക്രമണം തുടരും എന്ന നിലപാടാണ് ആവര്‍ത്തിക്കുന്നത്. തെക്കന്‍ ലെബനനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നും വടക്കന്‍ ഇസ്രഈലിലെ താമസക്കാരുടെ സുരക്ഷയ്ക്കായാണ് സൈന്യത്തെ പിന്‍വലിക്കാതത്തതെന്നുമാണ് ഇസ്രഈല്‍ മന്ത്രിമാര്‍ പറയുന്നത്.

അതേസമയം, പശ്ചിമേഷ്യന്‍ മേഖലയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദികള്‍ ഇസ്രഈലാണെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഘാലിബാഫ് പറഞ്ഞു. യുദ്ധത്തിന്റെ ഫലമായി യു.എസ് അധീശത്വം തകര്‍ന്നുപോയി. മേഖലയിലെ രാജ്യങ്ങള്‍ അവരുടെ ശേഷിക്ക് അനുസരിച്ച് പുതിയ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ചിലാണ് ലെബനനില്‍ ഇസ്രഈലിന്റെ സൈനിക നടപടികള്‍ ആരംഭിച്ചത്. ലെബനനിലെ വെടിനിര്‍ത്തല്‍ തങ്ങള്‍ക്ക് പ്രധാനമാണ് എന്നാണ് ഇറാന്റെ നിലപാട്. നേരത്ത യു.എസുമായുള്ള ധാരണാ പത്രം പ്രകാരം ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ നീക്കിയ ഇറാന്‍ പിന്നീട് ലെബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ഇസ്രഈല്‍ ആക്രമണം തുടര്‍ന്നതോടെ ഹോര്‍മുസ് വീണ്ടും അടക്കാന്‍ തീരുമാനിച്ചിരുന്നു.

ശനിയാഴ്ചയായിരുന്നു ഇറാന്‍ ഹോര്‍മുസ് വീണ്ടും അടക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ച ദിവസം ഇറാന്റെ ഈ പ്രഖ്യാപനം വരുന്നത് വരെ മാത്രം 32 പേര്‍ ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

നിലവില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യു.എസും ഇറാനും സമാധാന കരാറിലെത്തുന്നതിനുള്ള ഒന്നാം ഘട്ട ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി സ്വിറ്റ്‌സര്‍ലാന്‍ഡിലായിരുന്നു ചര്‍ച്ചയുടെ ആദ്യ ഘട്ടം നടന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറില്‍ 60 ദിവസത്തിനകം എത്തിച്ചേരാന്‍ ചര്‍ച്ചകളില്‍ ഇറാനും യു.എസും ധാരണയിലെത്തിയിരുന്നു. എന്നാല്‍ ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടരുന്നത് പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ തകിടം മറിക്കാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.

Content Highlight: ‘No American demand’ to leave Lebanon, says Israeli minister as troops stay put in Beirut

  
സിജൊ

We use cookies to give you the best possible experience. Learn more