| Saturday, 7th September 2013, 12:55 am

വിവാദപ്രസംഗം നടത്തിയ രജത്കുമാറിനെതിരെ നടപടി വേണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: വിവാദപ്രസംഗത്തിന്റെ പേരില്‍ രജത്കുമാറിനെതിരെ നടപടിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. []

പെണ്‍കുട്ടികള്‍ ഇരിക്കുന്ന സദസ്സില്‍ പ്രഭാഷണം നടത്തുമ്പോള്‍ ശാസ്ത്ര സത്യങ്ങള്‍ പോലും ഔചിത്യത്തോടെ മാത്രം ഉപയോഗിക്കണമെന്ന നിര്‍ദേശം മാത്രമാണ് കമ്മീഷന്‍ രജത് കുമാറിന് മുന്നില്‍ കമ്മീഷന്‍ വെച്ചത്

പ്രസംഗത്തിലൂടെ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസംഗത്തിന്റെ ആവേശത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞുപോയതാണെന്നുമുള്ള രജത് കുമാറിന്റെ വാദം പരിഗണിച്ചായിരുന്നു കമ്മീഷന്റെ ഈ നിലപാട്.

രജത്കുമാര്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയും ഇതോടെ കമ്മീഷന്‍ തീര്‍പ്പാക്കി. സ്ത്രീകള്‍ അന്തസ്സായി വസ്ത്രം ധരിക്കണമെന്ന് പറയുന്നതും രജത്കുമാര്‍ പറയുന്ന വാക്കുകളും രണ്ടാണെന്ന് കമ്മീഷന്‍ പറയുന്നുണ്ട്.

എന്നാല്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളേക്കാള്‍ പാവങ്ങളാണെന്ന വാദം കമ്മീഷന്‍ തള്ളുകയും ചെയ്തു. മുന്‍ എം.എല്‍.എ ശോഭന ജോര്‍ജാണ് രജത് കുമാറിനെതിരെ കമ്മീഷനില്‍ പരാതി നല്‍കിയത്.

വിദ്യാഭ്യാസവകുപ്പിന്റെ മൂല്യബോധനയാത്രയുടെ സമാപനയാത്ര ചടങ്ങിലായിരുന്നു രജത്കുമാറിന്റെ വിവാദപ്രസംഗം. സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ആര്യ എന്ന വിദ്യാര്‍ത്ഥിനി പൊതുവേദിയില്‍ അദ്ദേഹത്തെ കൂവി വിളിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.

തിരുവനന്തപുരം വുമണ്‍സ് കോളേജില്‍ നടന്ന് ചടങ്ങിലാണ് ഡോ.രജിത് കുമാര്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്.

“ഞാന്‍ ഉള്‍പ്പെടുന്ന പുരുഷവര്‍ഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്‌പേം പെണ്‍കുട്ടിയുടെ യൂട്രസിലേക്ക് അയക്കാന്‍. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലാണ്.

അതുകൊണ്ടാണ് വിശുദ്ധ ഖുറാന്‍ പഠിപ്പിച്ചത് സ്ത്രീ അടങ്ങിയൊതുങ്ങി  നടക്കണം എന്ന്… ഇഷ്ടപ്പെട്ടില്ല!…ഇഷ്ടപ്പെട്ടില്ല!…പയ്യന്‍ ഇവിടുന്നു ചാടുന്നതിനെക്കാള്‍ അപ്പുറമായി എനിക്കു ചാടണം…”

“ഈ ആണ്‍കുട്ടികള്‍ പടികള്‍ ചാടിയിറങ്ങുന്നതുപോലെ നീ ചാടിയിറങ്ങിയാലുണ്ടല്ലോ…ഒന്നു സ്ലിപ് ചെയ്ത് നീ ബാക്‌ബോണ്‍ ഇടിച്ചു വീണാല്‍, നിന്റെ യൂട്ടറസ് സ്‌കിപ് ചെയ്തു പോവും… അത് കഴിഞ്ഞാല്‍ നീ ത്രി ടു ഫൈവ് ലാക്‌സ് റെഡന്‍ഷനും മറ്റു സ്ഥലത്തും കൊടുക്കേണ്ടി വരും.. യൂട്ടറസ് നേരെയാക്കാന്‍…നിനക്കു കുടുംബമായി ജീവിക്കണമെന്നുണ്ടെങ്കില്‍…. ഇല്ലെങ്കില്‍ കൊഴപ്പല്ലാട്ടോ…”

ആണ്‍കുട്ടികള്‍ ശ്രമിച്ചാല്‍ വളരെ വേഗം വളച്ചെടുക്കാനുവുന്നവരാണ് പെണ്‍കുട്ടികള്‍. തൊണ്ണൂറു ശതമാനം പെണ്‍കുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ് ” എന്നും പ്രസംഗത്തില്‍ പറയുന്നു.

മാനംമര്യാദയ്ക്കു വസ്ത്രധാരണം നടത്തിയാല്‍ പീഡനമുണ്ടാവില്ലെന്നും ആണ്‍കുട്ടികളെപ്പോലെ ഓടിച്ചാടി നടന്നാല്‍ പെണ്‍കുട്ടികളുടെ ഗര്‍ഭപാത്രം തിരിഞ്ഞുപോകുമെന്നുമായിരുന്നു സ്റ്റുഡന്റ് പൊലീസ് പദ്ധതിയിലെ പരിശീലകന്‍ കൂടിയായ രജിത് കുമാറിന്റെ പ്രസംഗം.

പെണ്‍കുട്ടികളെന്തിനാണd ജീന്‍സ് ധരിക്കുന്നത്? ശാലീനസുന്ദരികള്‍ക്കേ ഭര്‍ത്താവിന്റെ ബഹുമാനം പിടിച്ചുപറ്റാന്‍ കഴിയൂ. മേക്കപ്പ് ഒലിച്ചുപോകുമ്പോള്‍ ഭര്‍ത്താവിന്റെ സ്‌നേഹവും ഇല്ലാതാവുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ രജത് കുമാര്‍ ഋഷി തുല്യനാണെന്നായിരുന്നു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

രജിത് കുമാറിന്റെ പ്രസംഗത്തിനെതിരെ കൂവിയ തിരുവനന്തപുരം വിമന്‍സ് കോളേജ് വിദ്യാര്‍ത്ഥിനി ആര്യയുടെ പ്രവര്‍ത്തി വകതിരിവില്ലാത്തതാണെന്നും ഡെപ്യൂട്ടി കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more