| Wednesday, 3rd September 2025, 9:02 am

വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് എന്‍.എം.സി അംഗീകാരം; 50 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസരംഗത്തിന് മുതല്‍ക്കൂട്ടായി വയനാട്, കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (NMC) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഓരോ മെഡിക്കല്‍ കോളേജിലും 50 എം.ബി.ബി.എസ് സീറ്റുകള്‍ക്കാണ് അംഗീകാരം. എന്‍.എം.സി മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അംഗീകാരം ലഭിക്കുന്ന നാലാമത്തെ മെഡിക്കല്‍ കോളേജാണിത്. എത്രയും വേഗം പ്രവേശന നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

‘മെഡിക്കല്‍ കോളേജ് എന്നത് രണ്ട് ജില്ലകളിലേയും ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യമായിരുന്നു. ചരിത്രപരമായ നേട്ടമാണ് ഇത്. ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പത്തനംതിട്ട, ഇടുക്കി, വയനാട് കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്,’ വീണാ ജോര്‍ജ് പഞ്ഞു.

വയനാട് മെഡിക്കല്‍ കോളേജില്‍ 45 കോടി രൂപ ചെലവഴിച്ച് മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് യാഥാര്‍ത്ഥ്യമാക്കി. 60 സീറ്റുകളോടെ നഴ്‌സിങ് കോളേജ് ആരംഭിച്ചു. ആദ്യവര്‍ഷ ക്ലാസുകള്‍ക്കായി 115 അധ്യാപക തസ്തികകളുള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം പൂര്‍ത്തിയാക്കി.

8.23 കോടി രൂപ വിനിയോഗിച്ച് കാത്ത് ലാബ് നിര്‍മാണം പൂര്‍ത്തിയാക്കി ആന്‍ജിയോപ്ലാസ്റ്റി പ്രൊസീജ്യറുകള്‍ ആരംഭിച്ചു. സിക്കിള്‍ സെല്‍ യൂണിറ്റ്, പീഡിയാട്രിക് ഐ.സി.യു, ആധുനിക മോര്‍ച്ചറി കോംപ്ലക്സ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍നിന്ന് 160 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍, അക്കാദമിക് ബ്ലോക്ക് പൂര്‍ത്തിയാക്കി.

60 സീറ്റുകളുള്ള നഴ്‌സിങ് കോളേജ് ആരംഭിച്ചു. 29 കോടി രൂപയുടെ ഹോസ്റ്റല്‍ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്സ്, ന്യൂറോളജി, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളുടെ ഒ.പി. സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി ന്യൂറോളജി, നെഫ്രോളജി ഒ.പി. സ്ഥാപിച്ചതും ശ്രദ്ധേയമാണ്.

Content Highlight: NMC approves medical colleges in Wayanad and Kasaragod districts; 50 MBBS seats approved

We use cookies to give you the best possible experience. Learn more