കൊല്ലം: പാറക്കടവ് ദാറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 4 വയസുകാരിയായ വിദ്യാര്‍ത്ഥി പീഡിപ്പിക്കപ്പെട്ടതുമായി താന്‍ നടത്തിയ പരാമര്‍ശം തെറ്റിധാരണയുടെ പേരിലെന്ന് കൊല്ലം എം.പി. എന്‍.കെ പ്രേമചന്ദ്രന്‍. ഇക്കാര്യത്തില്‍ താന്‍ ഏതെങ്കിലും തരത്തിലുള്ള പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയോ അന്വേഷണത്തെ ബാധിക്കുന്ന നിലയിലുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ പരാമര്‍ശം നടത്തിയിട്ടില്ല. അങ്ങനെ വാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കില്‍ തെറ്റിദ്ധാരണയാലാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.കെ പ്രേമചന്ദ്രന്റെ വിവാദ പ്രസംഗം ഇന്നലെ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികളെ ന്യായീകരിച്ചുകൊണ്ടും പ്രശ്‌നത്തെ ആഗോള മുസ്‌ലീം വിരുദ്ധതയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിക്കൊണ്ടുമുള്ള എന്‍.കെ പ്രേമചന്ദ്രന്റെ പ്രസംഗം വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ എന്‍.കെ പ്രമചന്ദ്രനെതിരെ ശക്തമായ എതിര്‍പ്പും ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 15 ദിവസമായി വിദേശത്തായിരുന്ന തനിക്ക് ഈ സംഭവത്തെ കുറിച്ച് യാതൊരു അറിവുമില്ല. എന്നാല്‍ അകാരണമായി അന്യായമായി നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നത് നീതീകരിക്കാനുമാവില്ല. ഇക്കാര്യം അന്ന് പൊതുവില്‍ പറഞ്ഞു എന്നേയുള്ളുവെന്നും പ്രതികളെ ന്യായീകരിക്കുന്ന തരത്തില്‍ താന്‍ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കൊല്ലം ജില്ലയില്‍ കൊട്ടിയം തഴുത്തല ഖാദിസിയ ഇസ്ലാമി കൊംപ്ലക്‌സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കവേ നിരപരാധികളും അഗതികളുമായ രണ്ടുപേരെ കോഴിക്കോട് ജില്ലയില്‍ അകാരണമായി കല്‍തുറുങ്കില്‍ അടച്ചിരിക്കുന്നുവെന്നും അക്കാര്യത്തില്‍ എം.പി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഇടപെട്ടു നീതി ലഭ്യമാക്കണം എന്ന് ആവശ്യപെട്ടുകൊണ്ട് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രസംഗിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് തന്റെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുക മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ ലോകത്ത് മുസ്‌ലീങ്ങള്‍ ഭീകരവാദിയായി മുദ്രകുത്തപ്പെടുന്നുണ്ടെന്നും പാറക്കടവ് വിഷയവും അതുപോലെ ഒന്നാണെന്നും പ്രസംഗത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ ആരോപിച്ചിരുന്നു. അഗതികളായ അനാഥ കുട്ടികള്‍ അകാരണമായി അറസ്റ്റ് ചെയ്യപ്പെടുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും സെപ്റ്റംബര്‍ 11 സംഭവത്തിനു ശേഷം ലോകത്ത് മുസ്ലീം സമുദായത്തെ ഭീകരവാദപ്രസ്ഥാനത്തിന്റെ പ്രതീകങ്ങളായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും പാറക്കടവിലെ സംഭവവും അതുപോലത്തെ ഒന്നാണെന്നുമാണ് എം.പി പറഞ്ഞിരുന്നത്.
തനിക്കറിഞ്ഞുകൂടാത്ത വിഷയത്തില്‍ എം.പി പെട്ടെന്നു തന്നെ നിലപാട് പറഞ്ഞതും പ്രശ്‌നത്തെ കുറിച്ച് പഠിക്കാതിരുന്നതും ഇരയായ പെണ്‍കുട്ടിയുടെ പ്രായം പോലും മാനിക്കാതെ ഇത്തരം അഭിപ്രായം പറഞ്ഞതുമാണ് വിമര്‍ശനങ്ങളേറ്റുവാങ്ങിയത്.
ഭരണകക്ഷിയായ എം.പി തന്നെ ഇത്തരത്തില്‍ പ്രതികള്‍ക്കനുകൂലമായി രംഗത്തുവന്നത് പീഡനത്തിനിരയായ നാലുവയസുകാരിക്ക് നീതി ലഭിക്കുന്നതിനെ തടയുമെന്നും ഭരണതലത്തില്‍ തന്നെ അട്ടിമറിക്ക് സാധ്യതയുണ്ടാവുമെന്നും കുട്ടിയുടെ രക്ഷകര്‍ത്താക്കളും നാട്ടുകാരും ആശങ്കപ്പെട്ടിരുന്നു. ഇതാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വന്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ഇതേ തുടര്‍ന്നാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. തന്റെ വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നത്.