| Sunday, 26th April 2015, 8:21 pm

നെറ്റ് ന്യൂട്രാലിറ്റി: എയര്‍ടെല്‍ സിറോ, ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്നിവക്കെതിരെ നിക്‌സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.ടി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്റര്‍നെറ്റ് എക്‌സ്‌ചേയ്ഞ്ച് ഓഫ് ഇന്ത്യ(നിക്‌സി) നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ എയര്‍ടെല്‍ സീറോയ്ക്കും, ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനുമെതിരെ. നിക്‌സി നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണയ്ക്കുന്നുണ്ടെന്നും സേവനങ്ങള്‍ തെരഞ്ഞെടുത്ത് നല്‍കാനുള്ള ടെലികോം ഓപറേറ്റര്‍മാരുടെ ശ്രമങ്ങള്‍ ഇന്റര്‍നെറ്റിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് എതിരാണെന്നും നിക്‌സി ഞായറാഴ്ച്ച വ്യക്തമാക്കി.

ഐ.പി അഡ്രസ്സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വിഭാഗമാണ് നിക്‌സി.

“ഒരു നിഷ്പക്ഷ സ്ഥാപനം എന്ന നിലയില്‍ നാഷണല്‍ ഇന്റര്‍നെറ്റ് എക്‌സ്‌ചേയ്ഞ്ച് ഓഫ് ഇന്ത്യ നെറ്റ് ന്യൂട്രാലിറ്റിയെ ശക്തമായി പിന്തുണയ്ക്കുന്നു. അതിലൂടെ മാത്രമേ ഇന്റര്‍നെറ്റിനെ തുറന്നതും സ്വതന്ത്രവും നവീനവും ആക്കിമാറ്റാന്‍ സാധിക്കുകയുള്ളൂ. അതിനെ തിരഞ്ഞെടുത്ത് ഭാഗിച്ച് നല്‍കാനുള്ള ടെലികോം കമ്പനികളുടെ ഏതൊരു ശ്രമവും ഇന്റര്‍നെറ്റിന്റെ അടിസ്ഥാന ആശയത്തിന് എതിരാണ്.” നിക്‌സിയുടെ പ്രസ്താവനയില്‍ പറയുന്നു.

മൊബൈലിനും സോഷ്യല്‍ മീഡിയക്കും ഏറിവരുന്ന പ്രാധാന്യത്തിനൊപ്പം പുതിയ സാങ്കേതിക വിദ്യകള്‍ പ്രത്യേകിച്ച് സാങ്കേതിക രംഗത്തെ പുതിയ സംരംഭങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെ ഉള്ളടക്കത്തെ എല്ലാ പ്രാദേശിക ഭാഷകളിലൂടെയും ഇന്റര്‍നെറ്റ് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നും ഈ സാഹചര്യത്തില്‍ നെറ്റ് ന്യൂട്രാലിറ്റിയുടെ ശക്തികുറയുന്നത് ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തിനെയും വികസനത്തിനായുള്ള നൂതന ആശയങ്ങളേയും  പുതുതലമുറയുടെ സംരംഭകത്വത്തെയും ബാധിക്കുമെന്നും നിക്‌സി പറയുന്നു.

We use cookies to give you the best possible experience. Learn more