മലയാളം ഇന്‍ഡസ്ട്രിയിലെ നാഴികക്കല്ലായി മാറിയ സിനിമകളുടെ ലിസ്റ്റില്‍ ഉറപ്പായും ഇടംപിടിക്കുന്ന ഒന്നാണ് പ്രേമം. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം ചരിത്രവിജയമായി മാറി. സെന്‍സര്‍ കോപ്പി ലീക്കായിട്ടും ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ പ്രേമം ഒരുപാട് പ്രത്യേകതകളുള്ള ചിത്രമാണ്.
കരിയറിലെ ഏറ്റവും വലിയ വിജയമായ പ്രേമത്തെക്കുറിച്ച് നിവിന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്. അല്‍ഫോണ്‍സ് എന്ന സംവിധായകനെ മാത്രം വിശ്വസിച്ചാണ് താന്‍ പ്രേമത്തിന് ഓക്കെ പറഞ്ഞതെന്നാണ് നിവിന്‍ പറഞ്ഞത്. ‘നെഞ്ചോട് ചേര്‍ത്ത്’ എന്ന ആല്‍ബം മുതല്‍ക്കാണ് ഈ കോമ്പോ ഒന്നിച്ചത്. പിന്നീട് നേരം എന്ന ഹിറ്റിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് പ്രേമം. ചിത്രത്തിന്റെ കഥ പറയാന്‍ വേണ്ടി അല്‍ഫോണ്‍സ് തന്നെ വിളിച്ച രംഗം നിവിന്‍ ഓര്‍ത്തെടുക്കുകയാണ്.
‘എടാ ഒരു പടം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് അല്‍ഫോണ്‍സ് എന്നോട് പറഞ്ഞു. എന്താണ് കഥയെന്ന് ചോദിച്ചപ്പോള്‍, ‘പ്ലസ് ടുവിന് പഠിക്കുന്ന ഒരു പയ്യന്‍, അവന് ഒരു പ്രേമമുണ്ടായിരുന്നു. അത് പൊട്ടി, പിന്നീട് അവന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് അവിടെയും ഒരു പ്രേമം ഉണ്ടാകുന്നു. അതും നടക്കാതെ പോകുന്നു. പിന്നീട് അവന്‍ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു’ ഇതാണ് അവന്‍ എന്നോട് പറഞ്ഞ പ്രേമത്തിന്റെ കഥ. വന്‍ വെറൈറ്റി കഥ, ഇതുവരെ ഞാന്‍ ഇങ്ങനെയൊരു കഥ കേട്ടിട്ടില്ല എന്നാണ് അപ്പോള്‍ ഞാന്‍ പറഞ്ഞത്,’ നിവിന്‍ പോളി പറയുന്നു.
നിവിന്‍ എന്ന നടന് സുഹൃത്തും സംവിധായകനുമായ അല്‍ഫോണ്‍സിലുണ്ടായിരുന്ന വിശ്വാസമാണ് പ്രേമം എന്ന സിനിമ. കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ അറിയില്ലെന്ന് അല്‍ഫോണ്‍സ് നിവിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അയാളിലെ ഫിലിംമേക്കറുടെ വിഷന്‍ അപാരമാണെന്ന് പ്രേമത്തിന്റെ ഓരോ ഫ്രെയിമും അടിവരയിടുന്നുണ്ട്.
ഓരോ കഥാപാത്രത്തിനും വേണ്ടി അല്‍ഫോണ്‍സ് തെരഞ്ഞെടുത്ത ആര്‍ട്ടിസ്റ്റുകളുടെ കാര്യവും എടുത്തുപറയണം. മലയാളസിനിമയിലെ ഏറ്റവും വലിയ ബട്ടര്‍ഫ്‌ളൈ എഫക്ടായി പ്രേമത്തെ കണക്കാക്കാം. സ്‌ക്രീനില്‍ വന്ന എല്ലാവരുടെയും തലവര മാറ്റിയ അപൂര്‍വ സിനിമ എന്നും പ്രേമത്തെ കണക്കാക്കാം. സിജു വില്‍സണ്‍, ശബരീഷ് വര്‍മ, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, സായ് പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റിയന്‍, അല്‍ത്താഫ് സലിം, അഞ്ജു കുര്യന്‍ തുടങ്ങി നിരവധി ആര്‍ട്ടിസ്റ്റുകള്‍ പിന്നീട് സിനിമാലോകത്ത് തിളങ്ങി.
മലയാളികള്‍ക്ക് പുറമെ തമിഴരും പ്രേമത്തെ ഏറ്റെടുത്തു. ചെന്നൈയില്‍ പ്രേമം 230 ദിവസം ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെറും ഒരൊറ്റ സീനില്‍ മാത്രം നിവിനും കൂട്ടുകാരും ധരിച്ച കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ട്രെന്‍ഡായി മാറി. ഒരു സിനിമ ഹിറ്റാകുന്നതിന് പുറമെ പ്രേക്ഷകരില്‍ വലിയ സ്വാധീനമുണ്ടാക്കുക എന്നത് ചെറിയ കാര്യമല്ല. ‘ലോക സിനിമാചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ സിനിമ’ മോളിവുഡിലെ നാഴികക്കല്ലായി മാറിയത് സിനിമാപ്രേമികള്‍ക്ക് ഒരു സ്റ്റഡി മെറ്റീരിയലാണ്.
Content Highlight: Nivin remembers the storytelling of Alphonse Puthren during Premam